അബുദാബി: ഐഐടി ഡൽഹിയുടെ ആദ്യത്തെ രാജ്യാന്തര ക്യാംപസ് അബുദാബിയിൽ തുറന്നു. അബുദാബി കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘടാനം ചെയ്തു.
അണ്ടർ ഗ്രാജ്വേറ്റ് വിദ്യാർഥികളുടെ ആദ്യ ബാച്ചിനെയും അദ്ദേഹം ഉദ്ഘാടനചടങ്ങിൽ സ്വാഗതം ചെയ്തു. 52 വിദ്യാർഥികളാണ് ആദ്യ ബാച്ചിലുള്ളത്. എമിറേറ്റിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഖലീഫ സർവകലാശാല, മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോർബോൺ യൂണിവേഴ്സിറ്റി അബുദാബി, സായിദ് സർവകലാശാല എന്നിവയുമായി സഹകരിച്ച് പുതിയ ക്യാംപസ് പ്രവർത്തിക്കും.
ഗവേഷണം, വിദ്യാഭ്യാസ പരിപാടികൾ, സെമിനാറുകൾ, ഇന്റേൺഷിപ്പ്, ശില്പശാലകൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ സഹകരണം ഉറപ്പാക്കും. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പും ഐഐടി-ഡൽഹിയും തമ്മിൽ കഴിഞ്ഞ ജൂലൈയിലാണ് ഐഐടി അബുദാബി ക്യാംപസ് സ്ഥാപിക്കുന്നതിന് ധാരണയായത്.