ബംഗ്ലാദേശിൽ തൊഴിൽ സംവരണം മാറ്റണമെന്ന് ആവശ്യപ്പെട്ട് യുഎഇയിൽ പ്രകടനം നടത്തി പ്രതിഷേധിച്ച 57 ബംഗ്ലാദേശികളെ നാടുകടത്താൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.ബംഗ്ലാദേശിൽ തൊഴിൽ സംവരണം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്ക് അനുഭാവം പ്രകടിപ്പിച്ചായിരുന്നു യുഎഇയിൽ ബംഗ്ലാദേശികളുടെ പ്രകടനങ്ങൾ.
ഇതിനെത്തുടർന്ന് ജൂലായ് 22നാണ് 57 ബംഗ്ലാദേശികൾക്കെതിരെ അബുദാബി ഫെഡറൽ കോടതി നടപടി എടുത്തത്. പൊതുസ്ഥലത്ത് ഒത്തുകൂടി കലാപമുണ്ടാക്കുക, നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നത് തടസപ്പെടുത്തുക, വ്യക്തിസ്വാതന്ത്ര്യം ഹനിക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്വന്തം ഗവൺമെന്റിനെതിരെ പ്രതിഷേധിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികൾ ചെയ്തതെന്ന് യുഎഇ അറ്റോർണി ജനറലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
മൂന്ന് പേരെ ജീവപര്യന്തം തടവിനും 53 പേർക്ക് പത്ത് വർഷവും ഒരാൾക്ക് പതിനൊന്ന് വർഷം തടവുമാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ പൂർത്തിയാക്കിയവരെ നാടുകടത്തണമെന്നായിരുന്നു കോടതി നിർദേശം. എന്നാൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തടവും പിഴയും ഒഴിവാക്കി 57പേരെയും ഉടനെ നാട് കടത്താൻ ഷെയ്ഖ് മുഹമ്മദ് ഉത്തരവിട്ടു..
ഇതിന് പിന്നാലെ നാടുകടത്തൽ നടപടികൾ ആരംഭിച്ചതായി അറ്റോർണി ജനറൽ ഡോ.ഹമദ് അൽ ഷംസി അറിയിച്ചു. രാജ്യത്തെ നിയമങ്ങൾ എല്ലാവരും ബഹുമാനിക്കുകയും പാലിക്കുകയും വേണമെന്ന് അറ്റോണി ജനറലും വ്യക്തമാക്കി. അഭിപ്രായം പറയാൻ നിയമപരമായ വഴികൾ രാജ്യം അനുവദിക്കുന്നുണ്ടെന്നും യുഎഇയുടെ താതപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തികൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.