ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള ധൈര്യം കോൺഗ്രസിനില്ലെന്നും അതുകൊണ്ടാണ് ആം ആദ്മി പാർട്ടിയുമായി സഖ്യം ചേർന്ന് മത്സരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതെന്നുമുള്ള പരിഹാസവുമായി ബിജെപി നേതാവ് അനിൽ വിജ്. ആം ആദ്മിയുമായി സഖ്യം ചേർന്ന് മത്സരിക്കുന്നത് കോൺഗ്രസ് ദുർബലമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണെന്നും അനിൽ വിജ് പരിഹസിച്ചു. സീറ്റ് ചർച്ചകൾ നടത്തി ഏത് വിട്ടുവീഴ്‌ച്ചയ്‌ക്കും കോൺഗ്രസ് തയ്യാറാകുമെന്നും അവർക്ക് പരാജയഭീതിയാണെന്നും അദ്ദേഹം പരിഹസിച്ചു.
വരുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് ഏഴ് സീറ്റുകൾ വിട്ടു നൽകാൻ തയ്യാറാണെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. എന്നാൽ സഖ്യം ചേർന്ന് മത്സരിക്കണമെങ്കിൽ 10 സീറ്റുകളെങ്കിലും വിട്ടു നൽകണമെന്നാണ് ആം ആദ്മി കോൺഗ്രസിനെ അറിയിച്ചത്. ഇരുപക്ഷവും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആം ആദ്മി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയും മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും രണ്ട് വട്ടം ചർച്ചകൾ നടത്തിയിട്ടുണ്ട്. വിഷയത്തിൽ ഉന്നത നേതാക്കളുടെ കൂടിക്കാഴ്ച വരും ദിവസം നടത്തുമെന്നാണ് വിവരം.
90ൽ 66 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം ചേർന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. സഖ്യ ചർച്ചകളുടെ ആദ്യഘട്ടം മാത്രമാണിതെന്നും, അന്തിമ തീരുമാനം വരും ദിവസങ്ങളിൽ എടുക്കുമെന്നും യോഗത്തിന് ശേഷം എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബരിയ പറഞ്ഞു. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ എന്നിവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ അടുത്ത യോഗത്തിൽ തീരുമാനമാകുമെന്നും ദീപക് കൂട്ടിച്ചേർത്തു.















