പ്രായമായവർ മാത്രമല്ല ഇന്ന് കണ്ണട ഉപയോഗിക്കുന്നത്. വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗവും ഉറക്കക്കുറവുമൊക്കെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. 40-കളുടെ പകുതിയോടെയാണ് സാധാരണഗതിയിൽ വെള്ളെഴുത്ത് ബാധിച്ച് തുടങ്ങുന്നത്. പ്രായമേറുന്നതിന് അനുസരിച്ച് നേത്രങ്ങളിലെ കണ്ണുകളുടെ ഇലസ്തികത നഷ്ടപ്പെട്ട് ലെൻസിന്റെ കാഠിന്യം വർദ്ധിക്കുന്നത് കാരണമാണ് വെള്ളെഴുത്തുണ്ടാകുന്നത്. അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ പതിക്കാനുള്ള കണ്ണിന്റെ കഴിവ് ക്രമേണ കുറഞ്ഞുവരികയാണ് ചെയ്യുന്നത്.
ഇത്തരം സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള ശ്രമത്തിലാണ് മുംബൈ ആസ്ഥാനമായ എൻ്റോഡ് ഫാർമസ്യൂട്ടിക്കൽസ്. പൈലോകാർപൈൻ ഉപയോഗിച്ച് നിർമ്മിച്ച “PresVu” എന്ന തുള്ളിമരുന്നാണ് കമ്പനി അവതരിപ്പിച്ചത്. ഡ്രഗ് റെഗുലേറ്ററി ഏജൻസി ഇതിന് അംഗീകാരം നൽകി.
പ്രായം കൂടുന്നത് മൂലം കണ്ണിന് ഉണ്ടാകുന്ന രോഗമായ ‘പ്രെസ്ബയോപിയ’ ചികിത്സിക്കുന്ന മരുന്നാണ് വികസിപ്പിച്ചത്. അടുത്തുള്ള വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കണ്ണുകളുടെ കഴിവ് കുറയുന്നതാണ് ഈ അവസ്ഥ. പ്രെസ്വു തുള്ളി മരുന്ന് കണ്ണിലൊഴിക്കുന്നതോടെ വസ്തുക്കളെ അടുത്ത് കാണാൻ സാധിക്കും. സാധാരണയായി 40-കളുടെ മധ്യത്തിൽ തുടങ്ങി 60-കളുടെ അവസാനത്തിൽ വഷളാകുന്ന അവസ്ഥയാണിത്.
ഒക്ടോബർ ആദ്യവാരം മുതൽ ഇത് വിപണിയിൽ ലഭ്യമായി തുടങ്ങും. 350 രൂപയാണ് വില. ഡോക്ടറുടെ കുറിപ്പടിയുമായി എത്തിയാൽ മാത്രമേ ഇത് ലഭിക്കൂ. പൂർണമായും ഇന്ത്യക്കാരെ ആധാരമാക്കി നടത്തുന്ന ആദ്യ പരീക്ഷണമായിരുന്നെന്ന് എൻ്റോഡ് ഫാർമസ്യൂട്ടിക്കൽസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) നിഖിൽ കെ മസുർക്കർ പറഞ്ഞു. ഈ മരുന്നിന് സമാനമായ മരുന്നുകൾ വിദേശ രാജ്യങ്ങളിൽ ലഭിക്കും. എന്നാൽ അവ ഇന്ത്യക്കാർക്ക് അനുയോജ്യമാണോയെന്ന് തെളിയിച്ചിട്ടില്ല. എന്നാൽ പ്രെസ്വു പൂർണമായും ഇന്ത്യൻ പൗരന്മാരെ കേന്ദ്രീകരിച്ച് നിർമിച്ചതാണ്.
മരുന്നിന്റെ ഒരു തുള്ളി വെറും 15 മിനിറ്റിനുള്ളിൽ പ്രവർത്തിച്ച് തുടങ്ങും. ആറ് മണിക്കൂർ വരെ ഇതിന്റെ ഫലം നിലനിൽക്കും. ആദ്യത്തെ തുള്ളി ഒഴിച്ച് മൂന്ന് മുതൽ ആറ് മണിക്കൂറിനുള്ളിൽ രണ്ടാമത്തെ തുള്ളിയും ഒഴിച്ചാൽ കൂടുതൽ നേരം ഇതിന്റെ ഗുണം നിലനിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിലുടനീളമുള്ള പത്ത് സൈറ്റുകളിൽ 250-ലധികം രോഗികളിലാണ് പരീക്ഷണം നടത്തിയത്. ഇവരിൽ 82 ശതമാനം പേരിൽ പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ല. ചിലരിൽ കണ്ണുകൾക്ക് അസ്വസ്ഥതയും ചുവപ്പും കാഴ്ച മങ്ങലും തലവേദനയും അനുഭവപ്പെട്ടു. ഇവയെല്ലാം ക്ഷണികമായിരുന്നുവെന്നും രണ്ട് ദിവസത്തിനുള്ളിൽ ഇവ ഭേദമായെന്നും മൾക്കർ പറഞ്ഞു.