ന്യൂഡൽഹി: നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ IC-814 – ദ കാണ്ഡഹാർ ഹൈജാക്ക് എന്ന സീരസിൽ പാക് ഭീകരരെ വെള്ളപൂശുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടെ സുപ്രധാന പ്രതികരണവുമായി കാബിൻ ക്രൂ ചീഫ് അനിൽ ശർമ. കാണ്ഡഹാർ വിമാനറാഞ്ചൽ നടന്ന ദിവസം കാബിൻ ക്രൂവിനെ നയിച്ചിരുന്നത് അനിൽ ശർമയായിരുന്നു. സീരീസ് നിർമാതാക്കൾ യഥാർത്ഥ കഥയെ വിട്ടുവീഴ്ച ചെയ്ത് ആശ്വാസം കണ്ടെത്തിയെന്ന് അനിൽ ശർമ വിമർശിച്ചു.
സീരീസിൽ ഭീകരരുടെ പേരുകൾ മാറ്റി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ വൻ വിവാദമുണ്ടാവുകയും ഇന്ത്യയുടെ നെറ്റ്ഫ്ലിക്സ് മേധാവി മോണിക്ക ഷെർഗിലിനെ കേന്ദ്രസർക്കാർ വിളിപ്പിച്ച് വിശദീകരണം തേടുകയും ചെയ്തിരുന്നു. തുടർന്ന് സീരീസിന്റെ ഉള്ളടക്കത്തിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് കാബിൻ ക്രൂ ചീഫ് രംഗത്തെത്തിയത്.
IC-814 – ദി കാണ്ഡഹാർ ഹൈജാക്ക് എന്ന നെറ്റ്ഫ്ലിക്സ് സീരീസ് താൻ കണ്ടുതുടങ്ങി, തീർത്തും വേദനാജനകമായി അനുഭവപ്പെട്ടു, അതിനാൽ സീരീസ് കണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മുഴുവൻ കഥയും അവർ വിട്ടുവീഴ്ച ചെയ്താണ് ചിത്രീകരിച്ചിരിക്കുന്നത്. സീരീസ് വിവാദമായപ്പോൾ അനാവശ്യമാണെന്നാണ് കരുതിയത്. എന്നാൽ സീരീസ് കണ്ടുതുടങ്ങിയപ്പോൾ മനസിലായി, ഈ വിഷയത്തിൽ എന്തിനാണ് ഇത്രയും കോലാഹലങ്ങളുണ്ടാകുന്നതെന്ന്.. സീരീസിലൂടെ കാര്യങ്ങൾ ചിത്രീകരിച്ചിരിക്കുന്ന രീതി ഒന്നും തന്നെ തനിക്ക് ബോധ്യപ്പെടുന്നതല്ല
വിമാനം റാഞ്ചിയപ്പോൾ ഭീകരരുമായി ചർച്ച നടത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചവരിൽ ഒരാളായിരുന്നു അജിത് ഡോവൽ. ഈ സീരീസിൽ അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്ന കോമാളിയെ പോലെയാണ്. അദ്ദേഹത്തെ എനിക്ക് നേരിട്ട് പരിചയമുണ്ട്, എന്റെ പുസ്തകം പ്രകാശനം ചെയ്തത് അജിത് ഡോവലായിരുന്നു. അദ്ദേഹത്തെ സീരീസിൽ ചിത്രീകരിച്ചിരിക്കുന്ന രീതി ശരിയല്ല. സീരീസ് ജനങ്ങളിലേക്ക് എത്തിക്കാൻ അണിയറപ്രവർത്തകർ ചെയ്ത പല മാറ്റങ്ങളും എന്തിനാണെന്ന് മനസിലാകുന്നേയില്ല. ഇപ്പോഴുണ്ടായ എല്ലാ വിവാദങ്ങളും അവർക്ക് ഒഴിവാക്കാൻ കഴിയുന്നതായിരുന്നു എന്നും അനിൽ ശർമ പറഞ്ഞു.
വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടതിന് പിന്നാലെ, രാജ്യതാത്പര്യം സംരക്ഷിക്കുമെന്നും സീരീസിന്റെ ഉള്ളടക്കത്തിൽ മതിയായ മാറ്റങ്ങൾ വരുത്തുമെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചിരുന്നു. ഹൈജാക്കർമാരുടെ യഥാർത്ഥ പേരുകൾ തുടക്കത്തിൽ എഴുതി കാണിക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയിലെ കണ്ണികളായിരുന്നു 1999ൽ കാണ്ഡഹാർ വിമാനം റാഞ്ചിയത്. ഇബ്രാഹിം അക്തർ, ഷാഹിദ് അക്തർ സയ്യിദ്, സണ്ണി അഹമ്മദ് ഖാസി, സഹൂർ മിസ്ത്രി, ഷാക്കിർ എന്നി ഭീകരരായിരുന്നു കയ്യേറ്റത്തിന് പിന്നിൽ. എന്നാൽ സീരീസിൽ കാണിച്ചത് ശങ്കർ, ഭോല, ചീഫ്, ഡോക്ടർ, ബർഗർ തുടങ്ങിയ പേരുകളിലായിരുന്നു. ഇതാണ് വിവാദത്തിന് വഴിയൊരുക്കിയത്. അനിഭവ് സിൻഹ സംവിധാനം ചെയ്ത സീരീസ് ഓഗസ്റ്റ് 29നായിരുന്നു പുറത്തിറങ്ങിയത്.