പുതുച്ചേരി: 17-കാരിയുടെ ആമാശയത്തിൽ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോ ഭാരമുള്ള മുടിക്കെട്ട്. പുതുച്ചേരിയിലാണ് സംഭവം. 35 സെൻ്റിമീറ്റർ നീളവും 1.5 കിലോഗ്രാം ഭാരവുമുള്ള മുടിക്കെട്ടാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
സ്വന്തം മുടി പറച്ചെടുക്കുന്ന ‘ട്രൈക്കോട്ടില്ലോമാനിയ’ എന്ന മാനസികാവസ്ഥയിലായിരുന്നു 17-കാരി. ഇതിനൊപ്പം ദിവസവും മുടി കഴിച്ചിരുന്നു. ‘ട്രൈക്കോഫാഗിയ’ എന്ന ഗുരുതരാവസ്ഥയാണിത്. ഒരേ സമയം ഈ രണ്ട് രോഗാവസ്ഥ ഉണ്ടായത് മാനസിക നില തെറ്റാൻ കാരണമായതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
ഛർദ്ദിയും കഠിനമായ വയറുവേദനയും അനുഭവപ്പെട്ടതോടെയാണ് കുട്ടി പുതുച്ചേരി ജിഇഎം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. പ്രാഥമിക രോഗനിർണയത്തിൽ തന്നെ വയറിനുള്ളിൽ വലിയൊരു പിണ്ഡമുള്ളതായി കണ്ടെത്തി. ശരീരത്തിലെ രോമം കഴിക്കുന്നത് വഴിയുണ്ടാകുന്ന ‘ട്രൈക്കോബെസോർ’ എന്ന അവസ്ഥയാണെന്നും അതിനാൽ അന്നനാളം അടങ്ങിരിക്കുന്നതായും ഡോക്ടർമാർ കണ്ടെത്തി.
കഴിഞ്ഞ ഒരു വർഷമായി കുട്ടി മുടി കഴിക്കുന്നുണ്ടായിരുന്നുവെന്ന് സമ്മതിച്ചു. സമ്മർദ്ദം കുറയ്‌ക്കാണ് മിക്ക ആളുകളും മുടി പറിച്ചെടുത്ത് കഴിക്കുന്നത്. ഇങ്ങനെ ആമാശയത്തിന്റെ 90 ശതമാനത്തോളം മുടിയായതോടെയാണ് പെൺകുട്ടിക്ക് വയറിൽ അസ്വസ്ഥകൾ അനുഭവപ്പെട്ട് തുടങ്ങിയത്. തുടർന്നാണ് ചികിത്സയ്‌ക്കെത്തിയത്. ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ആമാശയത്തിൽ നിന്ന് മുടി നീക്കം ചെയ്തത്. കുട്ടി ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു.