ന്യൂയോർക്ക്: യുഎസിലെ ടെക്സാസിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് ഇന്ത്യൻ പൗരന്മാർ മരിച്ചു. അൻകൻസാസിലെ ബെന്റോൻവില്ലയിലേക്കുള്ള യാത്രാമദ്ധ്യേയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ വാഹനം കത്തിനശിച്ചു. ആര്യൻ, ഷാറൂഖ് ഷെയ്ഖ്, ലോകേഷ്, ദർശിനി എന്നിവരാണ് മരിച്ചത്.
കാർപൂളിംഗ് ആപ്പ് വഴി ഒരുമിച്ച് യാത്ര നടത്തിയവരാണ് അപകടത്തിൽപെട്ടത്. ആര്യനും ഷാറൂഖും ഹൈദരാബാദ് സ്വദേശികളാണ്. തമിഴ്നാട് സ്വദേശിനിയാണ് ദർശിനി. ലോകേഷിനെ കുറിച്ച് കൂടുതൽ വിവരം ലഭിച്ചിട്ടില്ല. ഡിഎൻഎ പരിശോധന നടത്തിയ ശേഷമാണ് ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചത്.
അമിതവേഗത്തിലെത്തിയ ട്രക്ക് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു. കാർപൂളിംഗ് ആപ്പ് വഴി ഒരുമിച്ച് യാത്ര ചെയ്തതിനാൽ ഇവരെ തിരിച്ചറിയാൻ സഹായകരമായി.
ഡാലസിലെ ബന്ധുവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ആര്യനും സുഹൃത്ത് ഷാറൂഖും. ബെന്റോൻവില്ലയിലുള്ള തന്റെ ഭാര്യയെ കാണുന്നതിനായി പോകുകയായിരുന്നു ലോകേഷ്. ടെക്സസ് സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയായ ദർശിനി തന്റെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു.