തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരായ പി. വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നിൽ പി. ജയരാജൻ. കണ്ണൂരിൽ തന്‍റെ പഴയ എതിരാളിയായ പി. ശശിയെ ലക്ഷ്യം വച്ചാണ് പി ജയരാജന്‍റെ നീക്കങ്ങൾ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരി സീറ്റിൽ മത്സരിക്കാൻ കരുനീക്കം നടത്തുന്നതിനെയാണ് ശശിക്കെതിരെ ഗുരുതര രാഷ്‌ട്രീയ ആരോപണങ്ങൾ ഉയരുന്നത്.
മുൻപ് പി. ശശിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിന് പിന്നിലും പി ജയരാജൻ ആയിരുന്നുവെന്ന് സൂചനകൾ പുറത്ത് വന്നിരുന്നു. പി. ജയരാജൻ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി ശശി അന്ന് തന്നെ പാർട്ടി വേദികളിൽ പരാതി ഉന്നയിച്ചിരുന്നു. ഇതിന് ശേഷം കുറച്ച്കാലം പാർട്ടി വേദികളിൽ നിന്നും ശശി മാറി നിന്നെങ്കിലും പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി ആയതോടെ വീണ്ടും അതിശക്തനായി. ‘സൂപ്പർ മുഖ്യമന്ത്രി’യായി വിലസുന്നതിനിടെയാണ് മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ ശശി വിവാദത്തിലായത്.
ശശിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നിയമനം പുറത്ത് വന്നതിന് പിന്നാലെ നടന്ന സിപിഎം സംസ്ഥാനസമിതിൽ പി. ജയരാജൻ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ശശിയുടെ നിയമനം കനത്ത തിരിച്ചടിയാകുമെന്ന് ജയരാജൻ അന്ന് തന്നെ മുന്നറിയിപ്പ് നൽകുകും ചെയ്തിരുന്നു. ഇതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള പോര് പരസ്യമായ രഹസ്യമാണ്.
വിശ്വസ്തനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രിക്ക് തന്നെ വെല്ലുവിളിയാവുകയാണ് പുതിയ സംഭവ വികാസം. ഒപ്പം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് സിപിഎമ്മിനെ തള്ളിവിട്ടത്.