തൃശൂർ: പി.വി അൻവറിന്റെ ആരോപണങ്ങൾ ഇനി ശ്യൂന്യാകാശത്ത് മാത്രമേ ഉണ്ടാകൂവെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ കലവറയുടെ താക്കോൽ എഡിജിപിയുടെ കൈയിലാണ്. ആ എഡിജിപിക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. അതിന്റെ തെളിവാണ് എഡിജിപിയെ ചുമതലയിൽ നിലനിർത്തിക്കൊണ്ട് അന്വേഷണം നടക്കുന്നു എന്നുള്ളതെന്നും അഡ്വ. ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
പാർട്ടി സെക്രട്ടറിക്ക് നട്ടെല്ലുണ്ടെങ്കിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വരെ മുഖ്യമന്ത്രി പിണറായി വിജയനോട് മാറിനിൽക്കാൻ പറയാനും പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റാനും എം.വി ഗോവിന്ദൻ തയ്യാറാകണം. മാർക്സിസ്റ്റ് പാർട്ടിയിൽ കൊട്ടാര വിപ്ലവം. അൻവറിന്റെ വെളിപ്പെടുത്തലും ജയരാജന്റെ പുറത്താക്കലും വെളിവാക്കുന്നത് അതാണ്. ഏതു വിധേനയും അധികാരം നേടുക എന്നതാണ് തൃശൂർ പൂരത്തിന്റെ വിഷയത്തിലും ഉണ്ടായത്.വപി വി അൻവറിന്റെ വാക്കുകൾ ശരിയാണെങ്കിൽ സുനിൽകുമാറിന്റെ വാക്കുകളും അത് തന്നെയാണ്. പൂരം അട്ടിമറിക്കാൻ പൊലീസ് ഗൂഢാലോചന നടത്തിയെന്നാണ് പി.വി അൻവർ പറയുന്നത്. അതുതന്നെയാണ് ബിജെപിയും പറയുന്നത്. തൃശ്ശൂർ പൂരം അട്ടിമറിക്കാൻ പൊലീസുമായി ഗൂഢാലോചന നടന്നു. പക്ഷേ ഗൂഢാലോചന നടത്തിയത് സുനിൽകുമാർ ആയിരുന്നുവെന്ന് മാത്രം. സുനിൽകുമാർ തൃശൂർ പൂരത്തിന്റെ അന്തകൻ ആണെന്ന് ജനങ്ങൾ മനസ്സിലാക്കി. പൊലീസുമായി പ്രശ്നങ്ങളുണ്ടാക്കി 2016 ആവർത്തിപ്പിക്കാനാണ് സുനിൽകുമാർ ശ്രമിച്ചത്.
2016ൽ കരിയും കരിമരുന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ പൂരത്തിന്റെ രക്ഷകനായി സുനിൽകുമാർ വന്നു. അതേ സാഹചര്യം സൃഷ്ടിക്കാൻ ആണ് ശ്രമിച്ചത്. പക്ഷേ തൃശൂർ പൂരത്തിന്റെ അന്തകനായി സുനിൽകുമാർ മാറുകയായിരുന്നു. പിവി അൻവർ പറഞ്ഞത് ശരിയാണെങ്കിൽ ഗൂഢാലോചന പൊലീസുമായി നടത്തിയത് സുനിൽകുമാറാണ്. പൂരം കലക്കി മീൻ പിടിക്കാൻ ആണ് സുനിൽകുമാർ ശ്രമിച്ചത്. അതിന് ജനം മറുപടി കൊടുക്കുകയും ചെയ്തു. അതിൽ കൊതിക്കറവ് കാണിച്ചിട്ട് കാര്യമില്ല. സുനിൽകുമാർ തൃശൂർ പൂരത്തിന്റെ അന്തകൻ ആയാണ് പ്രത്യക്ഷപ്പെട്ടത്. അത് ജനങ്ങൾ തിരിച്ചറിഞ്ഞു. സുനിൽകുമാറിന് ഇപ്പോൾ മാനസിക വിഭ്രാന്തിയാണ്. രാഷ്‌ട്രീയ വിഭ്രാന്തിയാണ് അത്. അതുകൊണ്ടാണ് പൂരം വിഷയത്തിൽ അൻവർ പറഞ്ഞത് ശരിയാണെന്ന് സുനിൽകുമാർ പറഞ്ഞത്.- ബി ഗോപാലകൃഷ്ണൻ പറഞ്ഞു.















