അറിവിന്റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ. നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും വിശ്വാസമുണ്ട് . ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഭഗവാൻ ഏറ്റവും പ്രസന്നനായിരിക്കുന്ന പിറന്നാൾ ദിനമാണ് ചതുർഥി ദിനം. ചിങ്ങത്തിലെ അമാവാസി കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്.
ഗണേശ ചതുർത്ഥി അടുത്തിരിക്കുന്ന ഈ സമയത്ത് പ്രശസ്തമായ പല ഗണപതി ക്ഷേത്രങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . എന്നാൽ അഗ്നിപർവ്വതത്തിന്റെ അരികിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഗണപതിയുടെ വിഗ്രഹത്തെ പറ്റി അറിയാമോ? ഇന്തോനേഷ്യയിലെ മൗണ്ട് ബ്രോമോ എന്ന പ്രദേശത്താണ് 700 വർഷം പഴക്കമുള്ള ഗണേശ വിഗ്രഹമുള്ളത് . മുസ്ലീം രാഷ്‌ട്രമാണെങ്കിലും ഇവിടെ ഹിന്ദു വിശ്വാസികളും നിരവധിയാണ്.800 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബ്രോമോ ടെംഗർ സെമേരു ദേശീയ ഉദ്യാനത്തിന്റെ ഭാഗമാണ് മൗണ്ട് ബ്രോമോ. 2,392 മീറ്റർ ഉയരമുള്ളതാണ് ഈ ബ്രോമോ പർവ്വതം.
ഏകദേശം 700 വർഷങ്ങൾക്ക് മുമ്പ് ടെംഗർ മാസിഫ് ഗോത്രത്തിലെ പൂർവ്വികരാണ് ഈ വിഗ്രഹം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നും, മുസ്ലീം വിശ്വാസികൾ അടക്കമുള്ളവർ ഈ ഗണപതി വിഗ്രഹത്തിന് വഴിപാടുകൾ അർപ്പിക്കുന്നു . ഏത് നിമിഷം വേണമെങ്കിലും പൊട്ടാൻ തയ്യാറായിരിക്കുന്ന അഗ്നിപർവ്വത സ്ഫോടനങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കുന്നത് ഈ മഹാഗണപതിയാണെന്നാണ് വിശ്വാസം. വിഗ്രഹത്തെ ആരാധിക്കുന്നതിനു പുറമെ പൂക്കളും പഴങ്ങളും സമർപ്പിക്കുന്നു. ഇത് ചെയ്തില്ലെങ്കിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഇവിടുത്തെ ജനങ്ങളെ വിഴുങ്ങുമെന്നാണ് വിശ്വാസം.