ന്യൂഡൽഹി: ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയിലും ഇന്തോ പസഫിക് വിഷനിലും ബ്രൂണെ പ്രധാന പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രൂണെ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. മികച്ച സാംസ്‌കാരിക പാരമ്പര്യമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രൂണെയിൽ തനിക്കായി ഒരുക്കിയ സ്വീകരണത്തിനും രാജകുടുംബത്തോട് അദ്ദേഹം നന്ദി അറിയിച്ചു.
” ബ്രൂണെയിൽ എന്നെ സ്വാഗതം ചെയ്തതിനും ആതിഥ്യമര്യാദയ്‌ക്കുമെല്ലാം രാജകുടുംബത്തോട് എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുകയാണ്. 140 കോടി ഇന്ത്യക്കാർക്ക് വേണ്ടി നിങ്ങൾക്കും ബ്രൂണെയിലെ ഓരോ വ്യക്തികൾക്കും സ്വാതന്ത്ര്യത്തിന്റെ 40ാം വാർഷികത്തിലെ ആശംസകൾ അറിയിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്‌കാരിക ബന്ധമാണ് ഇരുരാജ്യങ്ങളുടേയും ഇടയിലുള്ളത്. ബ്രൂണെ-ഇന്ത്യ സൗഹൃദം ശക്തവും സുദൃഢവുമായിരിക്കാനുള്ള പ്രധാനകാരണവും ഇതാണ്. താങ്കളുടെ നേതൃത്വത്തിൽ ഈ ബന്ധം ഓരോ ദിവസവും കഴിയും തോറും കൂടുതൽ ശക്തമായി വരികയാണെന്നും” പ്രധാനമന്ത്രി ബ്രൂണെ സുൽത്താനെ അറിയിച്ചു.
2018ൽ ബ്രൂണെ സുൽത്താൻ ഇന്ത്യയിലെത്തിയതും റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തതും പ്രധാനമന്ത്രി ഓർത്തെടുത്തു. അദ്ദേഹത്തിന്റെ സന്ദർശനത്തെ ഇന്ത്യയിലെ ജനങ്ങൾ അഭിമാനത്തോടെയാണ് ഓർക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ” ഈ സന്ദർശനം വളരെ അധികം സന്തോഷം നൽകുന്നതാണ്. പ്രധാനമന്ത്രി പദത്തിൽ മൂന്നാം വട്ടവും എത്തിയതിന് ശേഷം ആദ്യനാളുകളിൽ തന്നെ ബ്രൂണെയിലെത്താനും, ഭാവികാര്യങ്ങൾ ചർച്ച ചെയ്യാനും സാധിച്ചുവെന്നത് അഭിമാനമായാണ് കരുതുന്നത്. ഇന്ത്യയുടേയും ബ്രൂണെയുടേയും നയതന്ത്ര ബന്ധം 40ാം വർഷത്തിലേക്ക് എത്തി എന്നതും സന്തോഷം നൽകുന്ന മറ്റൊരു കാര്യമാണ്.
ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയിലും, ഇന്തോപസഫിക് വിഷനിലും ബ്രൂണെ പ്രധാന പങ്കാളിയായി മാറുന്നത് നല്ലൊരു ഭാവി മുന്നിൽ കണ്ടാണെന്ന് ഉറപ്പാണ്. ഇരുപക്ഷവും ഈ ബഹുമാനം പുലർത്തുന്നുമുണ്ട്. ഇപ്പോഴത്തെ സന്ദർശനവും ചർച്ചകളും ഭാവിയിലേക്ക് ഇരുകൂട്ടരും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്താനുള്ള മാർഗദർശിയായി മാറുമെന്ന് കരുതുന്നതായും” പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജ്ജം, സ്‌പേസ് ടെക്‌നോളജി, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങീ വിവിധ മേഖലകൾ സംബന്ധിച്ച് ചർച്ചകൾ നടന്നു. ബ്രൂണെ സുൽത്താനുമായി പ്രധാനമന്ത്രി നിർണായക ചർച്ചകൾ നടത്തിയെന്നും, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തതായും വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.















