ഉണ്ണിയപ്പ പ്രിയരല്ലാത്ത ആരാണുള്ളതല്ലേ. മഹാഗണപതിക്ക് ഏറെ ഇഷ്ടമുള്ള പലഹാരമാണ് ഉണ്ണിയപ്പം. സ്വദേറിയ ഉണ്ണിയപ്പം ഒരുപാട് കഴിച്ചത് കൊണ്ടാണ് ഉണ്ണിഗണപതിക്ക് ഉണ്ണിവയറുണ്ടായതെന്നാണ് വിശ്വാസം.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പമാണ്, ഉണ്ണിയപ്പത്തിൽ ശ്രേഷ്ഠമായത്. കേരളത്തിലെ ഏറ്റവും അധികം ഉണ്ണിയപ്പം ഉണ്ടാക്കുന്നതും, വഴിപാട് നേരുന്നതും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലാണ്. ലോകത്തിലെ ഏറ്റവും കഠിനമേറിയ ഉണ്ണിയപ്പം ശബരിമലയിലേതാണ്. ആറുമാസം വെച്ചാലും കേടാവില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. എത്ര ഉറപ്പുള്ള പല്ലായാലും ഏഴ് മിനിറ്റെടുക്കും ഇത് കഴിച്ച് തീർക്കാൻ. ഗണേശപ്രീതിയ്‌ക്കായി ‘അപ്പംമൂടൽ’ എന്നൊരു വഴിപാട് തന്നെയുണ്ട്. അഭിഷേകം ചെയ്യുമ്പോലെ ഗണപതിയെ പ്രതിഷ്ഠയെ ഉണ്ണിയപ്പം കൊണ്ടുമൂടുന്നതാണ് വഴിപാട്.
വിനായക ചതുർത്ഥിക്ക് ഉണ്ണിഗണപതിക്ക് പ്രിയമേറിയ ഉണ്ണിയപ്പം ഉണ്ടാക്കാം..
ചേരുവകൾ
- പച്ചരി- അര കിലോ
- ശർക്കര- അര കിലോ
- തേങ്ങ ചെറുതായി കൊത്തി അരിഞ്ഞത്- ഒരു കപ്പ്
- പാളയങ്കോടൻ പഴം-അഞ്ച് എണ്ണം
- ഏലയ്‌ക്ക പൊടിച്ചത്- ഒരു ടീസ്പൂൺ
- വെളിച്ചെണ്ണ/നെയ്യ്- ആവശ്യത്തിന്
- ഉപ്പ്-പാകത്തിന്
തയ്യാറേക്കണ്ട വിധം
രണ്ട് മണിക്കൂർ പച്ചരി കുതിർത്തി വയ്‌ക്കുക. നല്ല മയത്തിൽ അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ശർക്കര പൊടിച്ചെടുക്കുക. അര ഗ്ലാസ് വെള്ളം ഒഴിച്ച് അടുപ്പിൽ വെയ്‌ക്കുക.
ശർക്കര പാനിയാക്കിയെടുത്ത് മാവുമായി നല്ലപ്പോലെ യോജിപ്പിക്കണം. ഈ കൂട്ടിലേക്ക് പാളയങ്കോടൻ പഴവും ഞെരടി ചേർക്കാവുന്നതാണ്. തേങ്ങ കൊത്ത് നെയ്യിൽ വറുത്തെടുത്തതും മാവിൽ ചേർക്കുക. ഏലയ്‌ക്കയും ചേർത്ത് അടച്ചുവെയ്‌ക്കുക. രണ്ട് മണിക്കൂറിന് ശേഷം ഉണ്ണിയപ്പം ഉണ്ടാക്കാം.
അപ്പക്കല്ല് ചൂടായയതിന് ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. ആവശ്യമെങ്കിൽ രണ്ട് സ്പൂൺ നെയ്യും ഇതിൽ ചേർക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ ഉണ്ണിയപ്പത്തിന് നെയ്യിൽ വറുത്തെടുത്ത ഗന്ധവും രുചിയും ലഭിക്കും. എണ്ണ ചൂടായി കഴിഞ്ഞ് ഉണ്ണിയപ്പം മാവ് ഓരോ തവി ഓരോ കുഴിയിലും ഒഴിച്ച് വെന്ത് കഴിയുമ്പോൾ മറിച്ചിട്ടും വേവിച്ചെടുക്കുക. പഴം ചേർത്തും പഴം ചേർക്കാതെയും ഉണ്ണിയപ്പം ഉണ്ടാക്കാവുന്നതാണ്.















