കോഴിക്കോട്: അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് നാദാപുരത്താണ് സംഭവം. വിവാഹാഘോഷങ്ങളുടെ ഭാഗമായി നടുറോഡിൽ ഫാൻസി കളർപുക പടർത്തുകയും സാഹസിക യാത്ര നടത്തുകയും ചെയ്തതിനാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അലക്ഷ്യമായി വാഹനമോടിച്ചതിന് ഒരു കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടം ഉണ്ടാക്കുന്ന വിധത്തിൽ അശ്രദ്ധമായാണ് യുവാക്കൾ വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്ക് പോലും അപകടമുണ്ടാക്കുന്ന രീതിയിലാണ് യുവാക്കൾ വാഹനമോടിച്ചത്. റോഡിൽ കാഴ്ച മറക്കുന്ന തരത്തിലാണ് പുക പടർത്തിയിരുന്നത്.
പിന്നിലുള്ള വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെയായിരുന്നു യുവാക്കളുടെ അഭ്യാസം. മറ്റ് യാത്രക്കാർ ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യുവാക്കളുടെ അഭ്യാസ പ്രകടനങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കേസെടുക്കുകയായിരുന്നു.















