നടൻ ബേസിൽ ജോസഫിന്റെ അഭിനയത്തെ കുറിച്ച് വാചാലയായി നടി ഷീല. ഇപ്പോൾ മലയാള സിനിമാ മേഖലയിലുള്ള നടന്മാരിൽ ബേസിൽ ജോസഫിനെയാണ് തനിക്ക് ഇഷ്ടമെന്നും ഏത് വലിയ നടന്റെ ചിത്രമുണ്ടെങ്കിലും താൻ ആദ്യം കാണാൻ പോകുന്നത് ബേസിലിന്റെ ചിത്രമാണെന്നും നടി ഷീല പറഞ്ഞു.
ബേസിലിന്റെ ചിത്രങ്ങളിൽ എന്തെങ്കിലും ഒരു വ്യത്യസ്തത ഉണ്ടായിരിക്കും. ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലെ ബേസിലിന്റെ അഭിനയം അതി മനോഹരമായിരുന്നു. ഞാൻ കാണാതെ പോയ ബേസിലിന്റെ സിനിമകളൊക്കെ ഇപ്പോൾ ഇരുന്ന് കാണാറുണ്ട്. ബേസിലിന്റെ അഭിനയത്തെ കുറിച്ച് ഒരുപാട് പറയാനുണ്ട്. അത്രയ്‌ക്കും രസമായാണ് അയാൾ ഓരോ സീനുകളും ചെയ്യുന്നത്. ബേസിൽ അഭിനയിക്കുമ്പോൾ മനസിനകത്ത് വലിയൊരു സന്തോഷം തോന്നാറുണ്ടെന്നും ഷീല പറഞ്ഞു .
“പണ്ടൊക്കെ സിനിമയിൽ ഹീറോയുടെയും ഹീറോയിനിന്റെയും കഥയാണ് പറയുന്നത്. ഇന്ന് ആറ്, ഏഴ് പേരൊക്കെയാണ് സിനിമയിലെ നായകന്മാരായെത്തുന്നത്. പിന്നെ മദ്യപിക്കുന്നത് ഇപ്പോൾ എല്ലാ സിനിമയിലും കാണിക്കാറുണ്ട്. എംജിആറൊന്നും ഒരു പടത്തിൽ പോലും കുടിക്കുന്ന സീനിൽ അഭിനിയിച്ചിട്ടില്ല. ഇപ്പോൾ എല്ലാ സീനിലും കുടിക്കുന്നതൊക്കെ തന്നെയാണുള്ളത്. കുടി നിർത്തണമെന്ന് ആലോചിച്ച് പലരും വന്ന് സിനിമ കാണും. എന്നിട്ട് സിനിമ കഴിയുമ്പോൾ നേരെ ബാറിലേക്ക് പോകുന്ന അവസ്ഥയാണ് ഇന്ന്”- ഷീല പറഞ്ഞു.















