എറണാകുളം: ലൈംഗികാതിക്രമ കേസിൽ നിയമനടപടിക്കൊരുങ്ങി നിവിൻ പോളി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ ഹൈക്കോടതിയെ സമീപിക്കും. ബലാത്സംഗം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് നിവിനെതിരെ ഊന്നുകൽ പൊലീസ് കേസെടുത്തത്. കേസിലെ ആറാം പ്രതിയാണ് നിവിൻ.
കേസിന്റെ രേഖകളും മറ്റ് വിശദവിവരങ്ങളും ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് താരം. കൊച്ചിയിലെ മുതിർന്ന അഭിഭാഷകനുമായി നിവിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കേസിൽ അഞ്ച് പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. കേസിലുള്ള മറ്റുള്ളവരെ തനിക്ക് യാതൊരു പരിചയവുമില്ലെന്ന് നിവിൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി എ.കെ. സുനിൽ കുമാറും രംഗത്തെത്തിയിട്ടുണ്ട്.
രാതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും. പരാതിയിൽ ഉറച്ച് നിൽക്കുകയാണ് യുവതി. നിവിൻ പോളിക്ക് തന്നെ അറിയില്ലെന്ന വാദം കള്ളമാണെന്നും നിർമാതാവ് എകെ സുനിലാണ് നിവിനെ പരിചയപ്പെടുത്തി തന്നതെന്നും പരാതിക്കാരി പറഞ്ഞു.
ദുബായിയിൽ വച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് യുവതി പറയുന്നത്. അവസരം വാഗ്ദാനം ചെയ്ത് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് ആരോപണം. നിർമാതാവ് എകെ സുനിൽ ഉൾപ്പെടെ ആറ് പ്രതികളാണ് കേസിലുള്ളത്.















