ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് ദുലീപ് ട്രോഫിയിലെ ചില മത്സരങ്ങൾ നഷ്ടമായേക്കും. പരിക്കാണ് താരത്തെ വലയ്‌ക്കുന്ന പ്രശ്നം. വ്യാഴാഴ്ച തുടങ്ങുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ താരം കളിക്കില്ല. പകരം മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തും. 29-കാരൻ ടി20 സ്ക്വാഡിൽ ഉണ്ടായിരുന്നുവെങ്കിലും ഒരു മത്സരത്തിലും അവസരം കിട്ടിയിരുന്നില്ല. രാജസ്ഥാന് വേണ്ടി പോയ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 531 റൺസാണ് നേടിയത്.
ഈ പ്രകടനമാണ് ടീമിലേക്ക് വഴി തുറന്നത്. താരത്തെ വരുന്ന സീസണിൽ രാജസ്ഥാൻ നിലനിർത്താൻ സാദ്ധ്യതയില്ലെന്നാണ് സൂചന. അതേസമയം ദുലീപ് ട്രോഫിയിലെ എല്ലാ മത്സരവും കിഷന് കളിക്കാനാകുമോ എന്ന കാര്യവും സംശയത്തിലാണ്. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് ദുലീപ് ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യ-D യെ നയിക്കുന്നത് ശ്രേയസ് അയ്യറാണ്. ഋതുരാജ് നയിക്കുന്ന ടീം സിയുമായാണ് അവരുടെ ആദ്യ മത്സരം.