വിറകടുപ്പിൽ നിന്ന് ഗ്യാസ് സ്റ്റൗവിലേക്കും ഇൻഡക്ഷൻ കുക്കറിലേക്കും ഓവനിലേക്കുമൊക്കെ പാചകം മാറിയിട്ട് നാളേറെയായി. ഇക്കൂട്ടത്തിലേക്ക് പുതിയതായി കടന്നുവന്ന പാചകരീതിയാണ് എയർ ഫ്രയർ. ഈ ഉപകരണത്തിൽ ഭക്ഷണസാധനങ്ങൾ ഫ്രൈ ചെയ്തും വേവിച്ചും എടുക്കാമെന്നതാണ് പ്രത്യേകത. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദേശരാജ്യങ്ങളിൽ സർവസാധാരണമായ അടുക്കള ഉപകരണമായി എയർ ഫ്രയർ മാറി. ഇന്ത്യയിലും ചെറിയ പ്രചാരം എയർ ഫ്രയറിന് ലഭിച്ചിട്ടുണ്ട്. എന്താണ് എയർ ഫ്രയറെന്നും ഇതുപയോഗിച്ച് പാചകം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്നും നോക്കാം.
ചൂടുള്ള വായു ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതാണ് എയർ ഫ്രയറിന്റെ രീതി. പാനിൽ എണ്ണയൊഴിച്ച് പൊരിച്ചെടുക്കുന്ന സാധാരണ രീതിക്ക് പകരം ചെറിയ അളവിൽ എണ്ണ തൂവി ചിക്കനും മറ്റും എയർ ഫ്രയറിൽ എളുപ്പത്തിൽ വേവിച്ചെടുക്കാം. പച്ചക്കറികൾ, മാംസം, മധുരപലഹാരങ്ങൾ തുടങ്ങി പലതരം ഭക്ഷണങ്ങൾ ഇതിൽ പാകം ചെയ്യാൻ കഴിയും. ബേക്കിംഗ്, ഗ്രില്ലിംഗ്, റോസ്റ്റിംഗ് എന്നിവയ്‌ക്കും ഇവ ഉപയോഗിക്കാം.
ഭക്ഷണത്തിന് ചുറ്റും ചൂടുള്ള വായു പ്രവഹിപ്പിച്ചുകൊണ്ട് ആഹാരം പാകം ചെയ്യുന്നതാണ് എയർ ഫ്രയർ. എണ്ണ വളരെ കുറച്ച് ഉപയോഗിച്ചാൽ മതിയെന്നതിനാൽ ശരീരത്തിലേക്ക് ചെല്ലുന്ന കൊഴുപ്പും കലോറിയും കുറയ്‌ക്കാൻ എയർ ഫ്രയർ സഹായിക്കുന്നു. ഇതുവഴി ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങളെ തടയാൻ സാധിക്കും. രക്തസമ്മർദ്ദം, കൊളസ്ട്രോളിന്റെ അളവ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിലനിർത്താനാകും. മാത്രവുമല്ല, അതിവേഗം പാചകം ചെയ്യാനും അടുക്കള കൂടുതൽ വൃത്തിയായി സൂക്ഷിക്കാനും എയർഫ്രയർ സഹായിക്കുന്നു.