ന്യൂഡൽഹി: പാരിസ് പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി പ്രകടനം കാഴ്ചവച്ച താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടോക്കിയോയിലെ റെക്കോർഡ് തിരുത്തികുറിക്കാൻ കായിക താരങ്ങൾക്ക് സാധിച്ചുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. പാരാലിമ്പിക്‌സ് കായിക താരങ്ങളുടെ ദൃഢനിശ്ചയവും അർപ്പണബോധവുമാണ് ഇതിലൂടെ പ്രകടമാവുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
” ഈ ചരിത്രനിമിഷത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. പാരിസ് പാരാലിമ്പിക്‌സിൽ കായിക താരങ്ങൾ ഇന്ത്യക്കായി മെഡൽ വേട്ട തുടരുകയാണ്. ടോക്കിയോയിലെ റെക്കോർഡ് മറികടന്ന് മെഡൽപട്ടികയിൽ ഇന്ത്യയുടെ നില മെച്ചപ്പെടുത്താൻ നമ്മുടെ കായികതാരങ്ങൾക്ക് സാധിച്ചു. അവരുടെ അർപ്പണബോധവും ദൃഢനിശ്ചയവുമാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ കായികതാരങ്ങളുടെ പേരിൽ ഓരോ ഭാരതീയനും അഭിമാനിക്കാം.”- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
പാരിസ് പാരാലിമ്പിക്‌സിൽ 21 മെഡലുകളാണ് കായികതാരങ്ങൾ ഇന്ത്യക്ക് സമ്മാനിച്ചത്. മൂന്ന് സ്വർണ മെഡലുകളും 8 വെള്ളിമെഡലുകളും 10 വെങ്കല മെഡലുകളുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്നലെ മാത്രം 5 മെഡലുകൾ ഇന്ത്യ നേടി. പുരുഷന്മാരുടെ ഹൈജമ്പ് ടി63 ഇനത്തിൽ ശരദ് കുമാർ വെള്ളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും നേടി. എഫ്46 ജാവലിൻ ത്രോ ഫൈനലിൽ അജീത് സിംഗ് വെള്ളിയും സുന്ദർ സിംഗ് ഗുർജറും വെങ്കലവും കരസ്ഥമാക്കി.
വനിതകളുടെ 400 മീറ്റർ ടി20യിൽ ദീപ്തി ജീവൻജി വെങ്കലം നേടി. പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ് 64-ൽ 70.59 മീറ്ററെന്ന റെക്കോർഡോടെ സുമിത് ആന്റിൽ ഇന്ത്യക്ക് മൂന്നാം സ്വർണ മെഡൽ സമ്മാനിച്ചു. 2021ലെ ടോക്കിയോ പാരാലിമ്പിക്‌സിൽ 19 മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതിൽ 5 സ്വർണവും 8 വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടുന്നു.















