ന്യൂഡൽഹി; കോൺഗ്രസ് നേതാവ് രാഹുൽ പിതാവ് രാജീവ് ഗാന്ധിയുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ബുദ്ധിമാനും തന്ത്രശാലിയുമാണെന്ന് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ചെയർമാനുമായ സാം പിത്രോദ. ഭാവി പ്രധാനമന്ത്രിക്കുവേണ്ട എല്ലാ ഗുണങ്ങളും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുലിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ അടുത്തയാഴ്ച നടക്കാനിരിക്കുന്ന യുഎസ് സന്ദർശനത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുൽ രാജീവിനേക്കാൾ ബുദ്ധിമാനാണെന്നും വളരെ കാര്യമായി ചിന്തച്ചു കൂട്ടുന്ന വ്യക്തിയാണെന്നും പിത്രോദ പറഞ്ഞു. അതേസമയം രാജീവ് കൂടുതൽ പ്രവർത്തിക്കുന്ന ആളായിരുന്നു. രാഹുലിന്റെ പ്രതിഛായ കുറച്ചുകൂടെ മെച്ചപ്പെട്ടിട്ടുണ്ട്. രാജീവിനും രാഹുലിനും ഒരേ DNA ആണ് ലഭിച്ചിരിക്കുന്നതെന്നും അതുകൊണ്ട് ഭാവി പ്രധാനമന്ത്രി അകാൻ എന്തുകൊണ്ടും യോഗ്യനാണ് രാഹുലെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റതിന് ശേഷമുള്ള കോൺഗ്രസ് നേതാവിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്. രാഹുലിന്റെ വിദേശ സന്ദർശനവേളകളിൽ ഇന്ത്യയെ വിമർശിച്ചു സംസാരിച്ച സംഭവങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ അവയൊന്നും ഇന്ത്യയെയല്ല സർക്കാരിനെതിരെയാണെന്നായിരുന്നു പിത്രോദയുടെ മറുപടി.