കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി അടച്ച കായിക താരമായി ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോലി.
കോലി 66 കോടി രൂപ നികുതിയിനത്തിൽ അടച്ചതായി ഫോർച്യൂൺ ഇന്ത്യ റിപ്പോർട്ട് ചെയ്തു. മുൻ ക്യാപ്റ്റൻമാരായ എംഎസ് ധോണിയും സച്ചിൻ ടെൻഡുൽക്കറും പട്ടികയിൽ കോലിക്ക് പിന്നിലാണ്.
സൗരവ് ഗാംഗുലിയും ഹാർദിക് പാണ്ഡ്യയും ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. എന്നാൽ നിലവിലെ നായകൻ രോഹിത് ശർമ്മ ഇതുവരെ ഈ പട്ടികയിലെ ടേബിൾ-ടോപ്പർമാർക്കിടയിൽ ഇടംപിടിച്ചില്ല. വിരാട് കോലി – 66 കോടി,എംഎസ് ധോണി – 38 കോടി,സച്ചിൻ ടെൻഡുൽക്കർ – 28 കോടി,സൗരവ് ഗാംഗുലി – 23 കോടി,ഹാർദിക് പാണ്ഡ്യ – 13 കോടി.
2024-ലെ കണക്കനുസരിച്ച്, വിരാട് കോലിയുടെ ആസ്തി 1,000 കോടി രൂപയിലധികമാണ് (ഏകദേശം 127 മില്യൺ ഡോളർ). വിരാട് കോലിയുടെ പ്രാഥമിക വരുമാനം ക്രിക്കറ്റിൽ നിന്നു തന്നെയാണ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മായുള്ള കരാറിൽ നിന്നും റോയൽ ചലഞ്ചേഴ്‌സ് ബെംഗ്ലൂരുമായുള്ള കരാറിൽ നിന്നും താരത്തിന് ഗണ്യമായ വരുമാനമുണ്ട്.
ക്രിക്കറ്റ് വരുമാനത്തിന് പുറമേ, പ്യൂമ, ഔഡി, എംആർഎഫ് തുടങ്ങിയ മുൻനിര ആഗോള ബ്രാൻഡുകളുമായി കോലി സഹകരിക്കുന്നുണ്ട്.പ്യൂമയുമായി സഹകരിച്ച് “വൺ8” എന്ന ഫിറ്റ്‌നസ് ബ്രാൻഡ് ഉൾപ്പെടെ വിവിധ ബിസിനസ് സംരംഭങ്ങളും അദ്ദേഹത്തിനുണ്ട്.