ഫ്ലോറിഡ: ശസ്ത്രക്രിയയ്‌ക്കിടെ ഡോക്ടർക്ക് പിഴവ് സംഭവിച്ചതിനെത്തുടർന്ന് രോഗി മരിച്ചു. പ്ലീഹയ്‌ക്ക് പകരം കരൾ നീക്കം ചെയ്തതിനെത്തുടർന്നാണ് രോഗി മരണപ്പെട്ടത്. ഫ്ലോറിഡയിലെ ഒരു ആശുപത്രിയിലാണ് സംഭവം. അലബാമ സ്വദേശി 70 കാരനായ വില്യം ബ്രയാൻ എന്നയാൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
കഠിനമായ വയറുവേദനയെത്തുടർന്നാണ് വില്യമിനെ ഭാര്യ ഫ്ളോറിഡയിലുള്ള അസെൻഷൻ സേക്രഡ് ഹാർട്ട് എമറാൾഡ് കോസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്ലീഹയിലെ സങ്കീർണതകളാണ് വയറുവേദനയ്‌ക്ക് കാരണമെന്നും അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർമാർ ഇവരെ അറിയിച്ചു. എന്നാൽ ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ ഡോക്ടർ ഷാക്നോവ്സ്കി അബദ്ധത്തിൽ കരൾ നീക്കം ചെയ്യുകയും അതിന്റെ രക്തക്കുഴലുകൾ വേര്പെടുത്തുകയുമായിരുന്നു. ഇതിനെ തുടർന്ന് രക്തം വാർന്ന് വില്യം മരണപ്പെട്ടു.
രോഗി മരിച്ചതിനു ശേഷവും പുറത്തെടുത്ത കരൾ പ്ലീഹയാണെന്ന് വാദിക്കുകയാണ് ഡോക്ടർ ചെയ്തത്. രോഗവസ്ഥ മൂലം പ്ലീഹ വികസിച്ച് നാലിരട്ടി വലിപ്പമായതായി ഡോക്ടർ വില്യമിന്റെ ഭാര്യയെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കരളാണ് നീക്കം ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു.