തിരുവനന്തപുരം: ഓണച്ചെലവുകൾക്ക് പണം കണ്ടെത്താനാകാതെ നെട്ടോട്ടമോടുന്ന സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്. കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് അടിയന്തരമായി 4,200 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകി.
ശമ്പളം, പെൻഷൻ, ബോണസ്, ഉത്സവബത്ത, ക്ഷേമ പെൻഷൻ എന്നിവയടക്കം 20,000 കോടിയോളം രൂപയുടെ ചെലവാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ വർഷം ആകെ 37,512 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചിരുന്നത്. ഇതിൽ 21,253 കോടി രൂപ ഡിസംബർ വരെയെടുക്കാനായിരുന്നു അനുമതി. കഴിഞ്ഞ ദിവസം ഈ തുക മുഴുവനും കേരളം കടമെടുത്ത് തീർത്തു.
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലേക്ക് കടമെടുക്കാനായി മാറ്റിവച്ചിരുന്ന തുകയിൽ നിന്ന് 5,000 കോടി രൂപ മുൻകൂർ വായ്പയെടുക്കുകയായിരുന്നു കേരളത്തിന്റെ ലക്ഷ്യം. തുടർന്നാണ് 4,2000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയത്. ക്ഷേമ പെൻഷൻ കുടിശ്ശിക നൽകാനായി സഹകരണ ബാങ്കിൽ നിന്ന് 1,000 കോടി രപൂപ വായ്പയടെുക്കും. ഓണത്തിന് 20,000 കോടിയോളം രൂപയുടെ ചെലവാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നികുതി അടക്കമുള്ള മറ്റ് വരുമാനങ്ങളിൽ നിന്നാണ് ബാക്കി തുക കണ്ടെത്തുക.
കയ്യും കണക്കുമില്ലാതെ കടമെടുക്കുന്നതിന്റെ ഫലം വരും മാസങ്ങളിലറിയാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓണാവധി കഴിയുന്നതോടെ സർക്കാർ റിസർവ് ബാങ്കിൽ നിന്ന് വെയ്സ് ആൻഡ് മീൻസ് അഡ്വാൻസും ഓവർ ഡ്രാഫ്റ്റും എടുക്കേണ്ടി വരും. ട്രഷറിയിൽ ബില്ലുകൾ മാറുന്നതിന് നിയന്ത്രണവും വന്നേക്കാം. ശമ്പളം, പെൻഷൻ, മരുന്ന് വാങ്ങൽ തുടങ്ങി ചുരുക്കം ചെലവുകൾ ഒഴികെ എല്ലാ ബില്ലുകൾക്കും നിയന്ത്രണം ബാധകമാക്കും.