കണ്ണൂർ: പാർട്ടി ഗ്രാമങ്ങളിൽ പോലും സിപിഎമ്മിന് അടിതെറ്റുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സ്വന്തം നാട്ടിൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി. ആന്തൂര്‍ നഗരസഭയിലെ മൊറാഴയില്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ബ്രാഞ്ച് സമ്മേളനമാണ്
പ്രതിനിധികള്‍ ഒന്നടങ്കം ബഹിഷ്ക്കരിച്ചതിനെ തുടർന്ന് മുടങ്ങിയത്. സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം. ബ്രാഞ്ച് സെക്രട്ടറി അടക്കം സമ്മേളനത്തിന് എത്താത്തത് ജില്ലയിലെ സിപിഎമ്മിന് നാണക്കേടായി.
അങ്കണവാടി ജീവനക്കാരെ സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ട് പ്രാദേശിക നേതൃത്വവുമായി നിലനിൽക്കുന്ന തർക്കമാണ് ബഹിഷ്കരണത്തിൽ കലാശിച്ചത്. 14 മെമ്പർമാരാണ് ബ്രാഞ്ചില്‍ ഉള്ളത്. ഉദ്ഘാടകമായ തളിപ്പറമ്പ് ഏരിയ കമ്മിറ്റിയംഗം രാമചന്ദ്രനും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളും കൃത്യസമയത്ത് തന്നെ സമ്മേളന സ്ഥലത്തെത്തിയിരുന്നു.
ബ്രാഞ്ച് പരിധിയിലെ ദേവർകുന്ന് അങ്കണവാടിയിൽ ജീവനക്കാരി ഒരു വിദ്യാർഥിയെ മർദിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട് ഹെൽപ്പറെയും വർക്കറെയും സ്ഥലംമാറ്റിയിരുന്നു. എന്നാൽ കുറ്റംചെയ്യാത്ത ആളെ നേതൃത്വം ഇടപെട്ട് അധികദൂരത്തേക്ക് മാറ്റിയിരുന്നു. ഇതാണ് അസ്വാരസ്യത്തിന്റെ തുടക്കം. അംഗന്‍വാടിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാതെ ഒരു ബ്രാഞ്ച് സമ്മേളനവും ഇവിടെ നടത്താന്‍ വിടില്ലെന്ന നിലപാടാണ് മുഴുവന്‍ മെമ്പര്‍മാരും സ്വീകരിച്ചത്.