കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ യുവതിയുടെ ആരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പരാതിക്കാരി പറഞ്ഞ ദിവസങ്ങളിൽ നിവിൻ വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നു. ഫോട്ടോകൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈയ്യിൽ ഉണ്ടെന്നും സത്യം പുറത്ത് വരണമെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.
2023 ഡിസംബര്‍ 14ന് രാവിലെ മുതൽ 15ന് പുലർച്ചെ വരെ നിവിൻ നമ്മുടെ കൂടെയുണ്ടായിരുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. തീയറ്ററിന് അകത്തുള്ള രംഗങ്ങളാണ് അന്ന് ഷൂട്ട് ചെയ്തത്. വലിയ ക്രൗഡിന്റെ ഇടയിലായിരുന്നു ചിത്രീകരണം. അതിന് ശേഷം ക്രൗണ്‍ പ്ലാസയിൽ ലൊക്കേഷൻ ഷിഫ്റ്റ് ചെയ്തു. അവിടെ പൂലർച്ചെ 3 മണിവരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അതിന് ശേഷം താനും നിവിനും ഭഗതും കുറേ നേരം സംസാരിച്ചാണ് അവിടെ നിന്ന് പിരിഞ്ഞത്. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗിനായാണ് നിവിന്‍ പോയത്. കൃത്യമായ സ്ഥലം അറിയില്ലെങ്കിലും കേരളത്തില്‍ തന്നെയായിരുന്നു ചിത്രീകരണം നടന്നത്.
ക്രൗൺ പ്ലാസയിൽ ചോദിച്ചാൽ നിവിന്റെ സിസിടിവി ഫൂട്ടേജ് കിട്ടും. 300 ൽ അധികം ജൂനിയർ ആർട്ടിസ്റ്റുകൾ അന്ന് നിവിനൊപ്പം ഉണ്ടായിരുന്നു സെറ്റിൽ. ഇവരൊക്കെ സാക്ഷികളാണ്. അന്ന് നിവിനൊപ്പം ഷൂട്ടിങ്ങിൽ നടി കൂടിയായ പാർവതി കൃഷ്ണയും ഉണ്ടായിരുന്നു. ആരോട് ചോദിച്ചാലും നിവിൻ അവിടെ ഉണ്ടായിരുന്നുവെന്ന് അറിയാം. അത്തരത്തിൽ നിരവധി തെളിവുകൾ ഉണ്ടെന്നും, വിനീത് പറഞ്ഞു.
നിവിൻ പോളിക്കെതിരെ നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടല്‍ മുറിയില്‍ കെട്ടിയിട്ട്
മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 14, 15 ,16 തീയതികളിലാണ് ഉപദ്രവിച്ചത്. 17 ന് താൻ നാട്ടിൽ വന്നു എന്നാണ് പരാതിക്കാരി പറഞ്ഞത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ആറാം പ്രതിയാണ് നിവിൻ.