ബഹിരാകാശനിലയത്തിൽ ഒരാഴ്ചത്തെ ദൗത്യത്തിനായി എത്തിയതായിരുന്നു സുനിത വില്യസും, ബുച്ച് വിൽമോറും. എന്നാൽ ഇവരെ ബഹിരാകാശത്ത് എത്തിച്ച പേടകം ബോയിംഗ് സ്റ്റാർലൈനറിൽ നിന്നും വാതക ചോർച്ചയുണ്ടായതോടെ ഇരുവരുടെയും മടങ്ങിവരവ് പ്രതിസന്ധിയിലായി. ജൂൺ 6 മുതൽ ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന സുനിതയെയും വിൽമോറിനെയും തിരികെ ഭൂമിയിലെത്തിക്കാനുള്ള ദൗത്യത്തിലാണ് നാസ. ഇതിനായി ഇലോൺമസ്‌കിന്റെ സ്‌പേസ് എക്‌സ് ക്രൂ-9 ഡ്രാഗൺ പേടകമാണ് ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്നത്. ബഹിരാകാശ സഞ്ചാരികളായ നിക് ഹേഗും, അലകസാണ്ടർ ഗോർബനുവുമാണ് രക്ഷാദൗത്യത്തിൽ പങ്കാളികളാവുന്നത്. ആരാണ് നിക് ഹേഗും, അലകസാണ്ടർ ഗോർബനുവും? അറിയാം..
നിക് ഹേഗ്

അമേരിക്കൻ ബഹിരാകാശ സേനയിലെ കേണലും ബഹിരാകാശ സഞ്ചാരിയുമാണ് നിക് ഹേഗ്. 2013-ലാണ് അദ്ദേഹം നാസയിൽ ചേരുന്നത്. സ്‌പേസ് എക്‌സ് ക്രൂ-9 ദൗത്യത്തിനായി പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു നിക് ഹേഗ്. ബഹിരാകാശനിലയത്തിലേക്കുള്ള നിക് ഹേഗിന്റെ രണ്ടാമത്തെ യാത്രയും ബഹിരാകാശത്തേക്കുള്ള മൂന്നാമത്തെ യാത്രയുമാണിത്.
ബഹിരാകാശനിലയത്തിലുണ്ടായിരുന്ന സമയത്ത് മൂന്ന് തവണ ബഹിരാകാശ നടത്തത്തിൽ അദ്ദേഹം ഏർപ്പെട്ടിരുന്നു. ബോയിംഗ് സ്റ്റാലൈനർ പ്രോഗ്രാമിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ബഹിരാകാശനിലയത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് സുനിത-വിൽമോർ രക്ഷാദൗത്യത്തിനായി നിക് ഹേഗ് യാത്രതിരിക്കുന്നത്.
അലക്‌സാണ്ടർ ഗോർബുനുവ്

റഷ്യയുടെ റോസ്‌കോസ്‌മോസിന്റെ ബഹിരാകാശ സഞ്ചാരിയാണ് അലക്‌സാണ്ടർ ഗോർബുനുവ്. എഞ്ചിനീയറായ അലക്‌സാണ്ടർ ബഹിരാകാശ പേടകങ്ങളുടെ പ്രവർത്തനങ്ങളിലാണ് സ്‌പെഷ്യലൈസ് ചെയ്യുന്നത്. 2018ലാണ് അദ്ദേഹത്തെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുത്തത്. റോക്കറ്റ് സ്‌പേസ് കോർപ്പിലെ എഞ്ചിനീയറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അലക്‌സാണ്ടറിന്റെ പങ്ക് നിർണായകമാണ്. ദൗത്യത്തിന്റെ സുരക്ഷയ്‌ക്കും വിജയത്തിനുമായി അലക്‌സാണ്ടർ നൽകുന്ന സംഭാവനകൾ വലുതായിരിക്കുമെന്ന് നാസ പറഞ്ഞു. അതേസമയം ബഹിരാകാശ സഞ്ചാരികളില്ലാതെ സ്റ്റാർലൈനർ പേടകം സെപ്തംബർ 6ന് ഭൂമിയിലേക്ക് മടങ്ങും.















