സംവിധായകൻ ആഷിഖ് അബുവിന്റെ വിമർശനങ്ങളിൽ പ്രതികരിച്ച് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ. ആഷിഖ് മറുപടി അർഹിക്കാത്ത കാര്യങ്ങളാണ് പറയുന്നത്.അയാൾ എന്നോട് കയർത്ത് സംസാരിച്ചു. അയാളോട് തർക്കത്തിനോ പോരിനോ ഇല്ല. സിനിമയിൽ പവർ ഗ്രൂപ്പ് പ്രായോഗികമല്ലെന്നും അസാധ്യമാണെന്നും സംവിധായകൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയം മൂന്നുദിവസമായി ഫെഫ്ക ചർച്ച ചെയ്തു. ഇക്കാര്യത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ലൈംഗിക പീഡനം സംബന്ധിച്ച് ഇതുവരെ പരാതികൾ ഒന്നും ഫെഫ്കയ്‌ക്ക് മുന്നിൽ വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രതിഫല തർക്കം പരിഹരിക്കാൻ കമ്മിഷൻ ചോദിച്ചത് സംഘടനയ്‌ക്ക് വേണ്ടിയാണ്. എല്ലാ യൂണിയനുകളിലും ഇങ്ങനെ കമ്മിഷൻ വാങ്ങുന്ന രീതിയുണ്ട്.
തന്റെ അനുഭവത്തിൽ പവർ ഗ്രൂപ്പ് എന്നൊന്നില്ല. ഇക്കാര്യത്തിൽ ഹേമ കമ്മറ്റി റിപ്പോർട്ടിലും അവ്യക്തതയുണ്ട്. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അതിൽ ആരൊക്കെയാണെന്നുള്ള കാര്യം പുറത്തുവരട്ടെയെന്നും സിബി മലയിൽ പറഞ്ഞു. പ്രതിഫലത്തുക വാങ്ങിക്കൊടുത്തതിന് സിബി മലയിൽ കമ്മിഷൻ ചോദിച്ചെന്ന ആഷിഖിന്റെ ആരോപണം ഫെഫ്കയും നേരത്തേ തള്ളിയിരുന്നു. ആഷിഖിന്റേത് വ്യാജ ആരോപണമാണെന്നും 2018 ൽ ഇക്കാര്യത്തിൽ ആഷിഖിനോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി നൽകിയില്ലെന്നും ഫെഫ്ക വ്യക്തമാക്കിയിരുന്നു.