തിരുവനന്തപുരം: പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിന് സസ്‌പെൻഷൻ. സുജിത്തിനെതിരെ ഡിജിപി സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടി. എംഎൽഎ പിവി അൻവർ പുറത്തുവിട്ട വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സസ്‌പെൻഷന് ഉത്തരവിടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒരു വിക്കറ്റ് പോയെന്നായിരുന്നു എംഎൽഎ പിവി അൻവറിന്റെ പ്രതികരണം.
സുജിത് ദാസിനെതിരായ വെളിപ്പെടുത്തലുകൾ വന്നതിന് പിന്നാലെ പത്തനംതിട്ടയിൽ നിന്നും ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു. തുടർന്ന് ഡിഐജി അജിതാ ബീഗം നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം സുജിത് ദാസിന്റെ ഭാഗത്ത് നിന്നുണ്ടായതായി കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോർട്ടും ഡിജിപിക്ക് സമർപ്പിച്ചിരുന്നു. പൊലീസ് ആസ്ഥാനത്ത് സുജിത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും തസ്തിക നൽകിയിരുന്നില്ല. എസ്പിയെ സസ്‌പെൻഡ് ചെയ്യാത്തതിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് സർക്കാർ നടപടി സ്വീകരിച്ചത്.
മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽ നിന്നും മരം മുറിച്ചുകടത്തിയെന്ന പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പിവി അൻവറുമായി സുജിത് ദാസ് നടത്തിയ ഫോൺ സംഭാഷണമാണ് വിവാദമായത്. ജില്ലാ പൊലീസ് അസോസിയേഷൻ യോഗത്തിനിടെ നിലവിലെ എസ്പി എസ് ശരീധരനെ വിമർശിച്ചതിന് അൻവറിനെ സുജിത് അഭിനന്ദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.
മലപ്പുറം എസ്പിയായിരിക്കെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുക്കുന്ന സ്വർണം സുജിത് ദാസ് അടിച്ചുമാറ്റിയെന്ന ഗുരുതര ആരോപണങ്ങളും പിവി അൻവർ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ചും സുജിത് ദാസിനെതിരെ അന്വേഷണം ശക്തമായി നടക്കുന്നുണ്ട്. അതേസമയം അൻവർ ആരോപണം ഉന്നയിച്ച എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാത്തതിലും വിമർശനം ഉണ്ട്.















