പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് താരങ്ങൾ. ആദ്യമായി ജൂഡോയിൽ മെഡൽ നേട്ടം ആഘോഷിച്ച ഇന്ത്യ ആകെ മെഡലുകളുടെ എണ്ണം 25 ആക്കി ഉയർത്തി. പാരിസിൽ എത്തും മുൻപ് 25 മെഡലുകളാണ് ഇന്ത്യൻ സംഘം ലക്ഷ്യമാക്കിയിരുന്നത്. 64 വർഷത്തെ ചരിത്രത്തിലാദ്യമാണ് ഇന്ത്യയുടെ ഈ സുവർണ നേട്ടം. മൂന്ന് വർഷം മുൻപ് 19 മെഡൽ നേടി ടോക്കിയോയിൽ കുറിച്ച നേട്ടമാണ് പാരിസിൽ ഇന്ത്യൻ സംഘം പഴങ്കഥയാക്കിയത്.
ഇതുവരെ നേടി 25 മെഡലുകളിൽ അഞ്ചെണ്ണം സ്വർണമാണ്. ടോക്കിയോയിലും ഇന്ത്യ അഞ്ചു സ്വർണം നേടിയിരുന്നു. 9 വെള്ളിയും 11 വെങ്കലവുമാണ് ഇതുവരെ ഇന്ത്യ അക്കൗണ്ടിലെത്തിച്ചത്. തിങ്കളാഴ്ച പാരാലിമ്പിക്സ് സമാപിക്കുമ്പോൾ കൂടുതൽ മെഡലുകളാണ് ഇന്ത്യൻ സംഘം ലക്ഷ്യം വയ്‌ക്കുന്നത്.
രാജ്യത്തിന് അഭിമാന നേട്ടമാണ് പാരാ അത്ലറ്റുകൾ സമ്മാനിച്ചത്. രണ്ടു സീസണുകളിലായി ഇന്ത്യ 44 മെഡലുകളാണ് ഇതുവരെ സ്വന്തമാക്കിയത്. 1960 മുതൽ 2016 വരെ രാജ്യത്തിന് വെറും 12 മെഡലുകളാണുണ്ടായിരുന്നത്. അവനി ലെഖാര, ദേവന്ദ്ര ജജാരിയ ജോഗിന്ദർ സിംഗ് ബേദി എന്നിവർ മൂന്നു വീതം മെഡലുകൾ നേടി.















