ദുബായ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം നിർമിക്കാനൊരുങ്ങി ദുബായ്. ബുർജ് അസീസി എന്ന പേരാണ് കെട്ടിടത്തിന് നൽകുന്നത്. ഉയരത്തിൽ ഒന്നാമനായ ബുർജ് ഖലീഫയുടെ അടുത്താണ് പുതിയ ‘വിസ്മയ നിർമിതി’ ഉയരുന്നതെന്ന് ദുബായ് ഭരണകൂടം അറിയിച്ചു. 725 മീറ്റർ ഉയരത്തിൽ 6 ബില്യൻ ദിർഹത്തിലേറെ ചെലവഴിച്ചാണ് ബുർജ് അസീസി നിർമിക്കുന്നത്.
യു.എ.ഇയുടെ അഭിമാനമായി തലയുയർത്തി നിൽക്കുന്ന ബുർജ് ഖലീഫയുടെ ഉയരം 828 മീറ്ററാണ്. ഷെയ്ഖ് സായിദ് റോഡിൽ വേൾഡ് ട്രേഡ് സെന്ററിന് സമീപമായാണ് ബുർജ് അസീസിയെന്ന പേരിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. ബുർജ് ഖലീഫയെക്കാൾ 103 മീറ്റർ ഉയരം കുറവാണെങ്കിലും 131 നിലകൾ കെട്ടിടത്തിനുണ്ടാകും.
2028-ൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും ഉയരമേറിയ ഹോട്ടൽ ലോബി ബുർജ് അസീസിയിൽ ആയിരിക്കും. ഏറ്റവും ഉയരത്തിലുള്ള നൈറ്റ് ക്ലബ്, ഉയരമേറിയ റസ്റ്റോറന്റ് , ഉയരത്തിലുള്ള ഒബ്‌സർവേഷൻ ഡക്ക് തുടങ്ങിയവയാണ് കെട്ടിടത്തിന്റെ മറ്റ് പ്രത്യേകതകൾ.
അടുത്തവർഷം ഫെബ്രുവരിയിൽ അപ്പാർട്ട്‌മെന്റുകളുടെ വിൽപന തുടങ്ങും. അപ്പാർട്ട്‌മെന്റുകൾ, അവധിക്കാല വസതികൾ, വെൽനസ് സെന്ററുകൾ, നീന്തൽക്കുളങ്ങൾ, സിനിമാശാലകൾ, ജിമ്മുകൾ, മിനി മാർക്കറ്റുകൾ, റസിഡൻറ് ലോഞ്ചുകൾ, കുട്ടികളുടെ കളിസ്ഥലം തുടങ്ങി ഒട്ടേറെ സൗകര്യങ്ങളും ബുർജ് അസീസി വാഗ്ദാനം ചെയ്യുന്നുണ്ട്.