ന്യൂഡൽഹി: ഇന്ത്യയുടെ അഭ്യർത്ഥനപ്രകാരം 2023 ൽ മാത്രം ഇന്റർപോൾ 100 റെഡ് നോട്ടീസുകൾ പുറപ്പെടുവിച്ചതായി സിബിഐ ഡയറക്ടർ പ്രവീൺ സൂദ്. ഒരു വർഷത്തിൽ ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് നോട്ടീസുകളുടെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്ന പല കൊടും കുറ്റവാളികളും മറ്റ് രാജ്യങ്ങളിൽ അഭയം തേടിയിട്ടുണ്ട്. ഇവരെ പിടികൂടുന്നതിൽ ആഗോളതലത്തിൽ നിയമ പാലകർ സഹായം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു സിബിഐ ഡയറക്ടറുടെ പ്രസ്താവന.
സിബിഐ സംഘടിപ്പിച്ച 10-ാമത് ഇൻ്റർപോൾ ലെയ്‌സൺ ഓഫീസേഴ്‌സ് (ILO) കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻ്റർപോളിന്റെയും ആഗോള നിയമപാലകരുടെയും സഹായത്തോടെ കഴിഞ്ഞ വർഷം 29 ക്രിമിനലുകളെയും ഈ വർഷം ഇതുവരെ 19 പേരെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ കാലയളവിൽ 17,000 അന്താരാഷ്‌ട്ര സഹായ അഭ്യർത്ഥനകൾ സിബിഐ കൈകാര്യം ചെയ്തതായും പ്രവീൺ സൂദ് പറഞ്ഞു.
ലോകമെമ്പാടുമുള്ള പൊലീസ് സഹകരണത്തിനും കുറ്റകൃത്യ നിയന്ത്രണത്തിനും സൗകര്യമൊരുക്കുന്ന ഒരു അന്താരാഷ്‌ട്ര സംഘടനയാണ് ഇന്റർപോൾ. കൈമാറ്റം, കീഴടങ്ങൽ അല്ലെങ്കിൽ സമാനമായ നിയമനടപടികൾ തീർപ്പാക്കാത്ത ഒരു കുറ്റവാളിയെ കണ്ടെത്താനും താൽക്കാലികമായി അറസ്റ്റ് ചെയ്യാനും ലോകമെമ്പാടുമുള്ള നിയമപാലകരോട് അഭ്യർത്ഥിച്ച് ഇൻ്റർപോൾ പുറപ്പെടുവിക്കുന്നതാണ് റെഡ് നോട്ടീസ്.















