വീട്ടമ്മയുടെ ബലാത്സംഗ ആരോപണം നിഷേധിച്ച് മലപ്പുറം മുൻ എസ്പി സുജിത് ദാസ്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പരാതിക്കാരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2022-ൽ പൊന്നാനി ഇൻസ്പെക്ടർക്കെതിരെയും തിരൂർ ഡിവൈഎസ്പിക്കെതിരെയും പരാതിയുമായി ഓഫീസിലെത്തിയതെന്ന് സുജിത് ദാസ് പറയുന്നു. സഹോദരനും കുട്ടിക്കുമൊപ്പമാണ് എത്തിയത്. മറ്റ് ഉദ്യോഗസ്ഥരും പിഎയും ഇരിക്കവേയാണ് പരാതിയുമായി എത്തിയത്. റിസപ്ഷൻ രജിസ്റ്ററിൽ വിശദാംശങ്ങൾ ഉണ്ട്. മലപ്പുറം എസ്പി ഓഫീസിൽ വച്ച് മാത്രമാണ് പരാതിക്കാരിയെ കണ്ടതെന്നും സുജിത് ദാസ് പറയുന്നു.
പരാതിക്കാരി നിരന്തരം പൊലീസിനെതിരെ കേസ് കൊടുക്കുന്നയാളാണ്. സ്റ്റേഷൻ ഇൻസ്പെക്ടർ ഇവർക്ക് അനുകൂലമായി നിന്നില്ലെന്നാരോപിച്ചാണ് പരാതിയുമായി വന്നത്. എസ്എച്ച്ഒ വിനോദിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതോടെ പരാതി തള്ളിയിരുന്നുവെന്നും സുജിത് ദാസ് പറഞ്ഞു.വ്യക്തിപരമായും കരിയർ പരമായും തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയാണെന്ന സംശയവുമുണ്ട്. ക്രിമിനൽ, സിവിൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം എസ്പി ആയിരിക്കേ സുജിത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തെന്നും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് വീട്ടമ്മയുടെ ആരോപണം. കുടുംബ പ്രശ്നത്തെ കുറിച്ചുള്ള പരാതിയുമായാണ് പൊലീസിനെ സമീപിച്ചത്. എസ്എച്ച്ഒ ആയിരുന്ന വിനോദും മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസും ബലാത്സംഗം ചെയ്തു. രണ്ടാം തവണ സുജിത് ദാസ് അതിക്രമം നടത്തിയപ്പോൾ ഒപ്പം മറ്റൊരു ഉദ്യോഗസ്ഥൻ കൂടിയുണ്ടായിരുന്നുവെന്നും അദ്ദേഹം കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും അയാൾക്ക് കൂടി വഴങ്ങണമെന്നും എസ്പി ആവശ്യപ്പെട്ടതായും വീട്ടമ്മ ആരോപിക്കുന്നു. നിലവിൽ സസ്പെൻഷനിലാണ് സുജിൻ ദാസ്.















