തൃശൂർ: ഇത്തവണയും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ ഭീമൻ പൂക്കളം ഒരുങ്ങി. വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തെ അനുസ്മരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പൂക്കളം തയ്യാറാക്കിയത്. തൃശൂർ സായാഹ്ന സൗഹൃദ വേദിയാണ് വർഷങ്ങളായി ഭീമൻ പൂക്കളം ഒരുക്കുന്നത്.
ഇത്തവണ വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയുള്ള ചെക്ക് കളക്ഷനും നടക്കുന്നുണ്ട്. 20 അടി വ്യാസത്തിൽ ഒരുക്കിയ പൂക്കളം രാവിലെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് സുദർശൻ ഉദ്ഘാടനം ചെയ്തു.
2008ലാണ് സായാഹ്ന സൗഹൃദ കൂട്ടായ്മ ആദ്യമായി തെക്കേ ഗോപുരനടയില്‍ അത്തപ്പൂക്കളം ഒരുക്കിയത്. ഇത് തുടർച്ചയായി പതിനേഴാം വർഷമാണ് കൂട്ടായ്മ പൂക്കളമൊരുക്കൻ ഒത്തുചേർന്നത്. വെള്ളപ്പൊക്കം, കോവിഡ് മഹാമാരി എന്നീ മൂന്ന് വര്‍ഷങ്ങളിൽ ചെറുതെങ്കിലും മുടക്കം വരുത്താതെ ഇവർ തെക്കേ ഗോപുരനടയിൽ പൂക്കളമൊരുക്കിയിരുന്നു.















