മുംബൈ: മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി ആത്മഹത്യ ചെയ്തു. സ്വകാര്യ ബാങ്കിൽ അസോസിയേറ്റ് വൈസ് പ്രസിഡന്റായ അലക്സ് റെജിയാണ് മരിച്ചത്. ജോലിയിലെ സമ്മർദ്ദം മൂലമാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. നിലവിൽ പുനെയിലാണ് അലക്സും കുടുംബവും താമസിക്കുന്നത്.
തിങ്കളാഴ്ച ബാങ്കിൽ നടന്ന മീറ്റിംഗിൽ പങ്കെടുത്ത ശേഷമാണ് അലക്സ് ആത്മഹത്യ ചെയ്തത്. മീറ്റിംഗിന് ശേഷം ഓഫീസിന് പുറത്തിറങ്ങിയ അലക്സ് കടൽ പാലത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മേലുദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് നിഗമനം.
ഓഫീസിൽ നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നതായി അലക്സിന്റെ ഭാര്യ ബെൻസി ബാബു പ്രതികരിച്ചു. മരണത്തിന് ശേഷവും ഓഫീസിൽ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും ബെൻസി പറഞ്ഞു. ബാങ്കിനെതിരെ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് കുടുംബം.















