ചെന്നൈ: ഡിഎംകെ നേതാവായിരുന്ന ജാഫർ സാദിഖിന്റെ 55.3 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച സ്ഥാവര ജംഗമവസ്തുക്കളാണ് സർക്കാരിലേക്ക് പിടിച്ചെടുത്തത്. റെസിഡൻസി ഹോട്ടൽ, ആഡംബര ബംഗ്ലാവ്, ജാഗ്വാർ, മെഴ്‌സിഡസ് കാറുകൾ എന്നിവ കണ്ടുകെട്ടിയതിൽ ഉൾപ്പെടുന്നു.
ലഹരി കടത്തുമായി ബന്ധപ്പെട്ട് 2024 മാർച്ച് 9ന് ജാഫർ സാദിഖിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് വ്യാപാരത്തിൽ നിന്ന് സമ്പാദിച്ച പണം റിയൽ എസ്റ്റേറ്റ്, ഫിലിം പ്രൊഡക്ഷൻ, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലാണ് ജാഫർ സാദിഖ് നിക്ഷേപിച്ചതെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡിഎംകെ ചെന്നൈ വെസ്റ്റ് ജില്ലാ ഡെപ്യൂട്ടി ഓർഗനൈസറായിരുന്ന ഇയാളെ കേസിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
തമിഴ് സിനിമ നിർമാതാവ് കൂടിയ ജാഫർ സാദിഖിനെ ഇന്ത്യ-ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ തലവൻ എന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വിശേഷിപ്പിച്ചത്. 2000 കോടി രൂപയുടെ 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിനാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് അയച്ചത്. യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനമായി സഹകരിച്ചാണ് എന്‍സിബിയുടെ അന്വേഷണം പുരോഗമിക്കുന്നത്.















