വയനാട്: ബ്ലേഡ് ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൽപ്പറ്റയിലെ അലഞ്ചേരിയിലാണ് സംഭവം. കാക്കഞ്ചേരി സ്വദേശി ബാലനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. ഏറെ കാലങ്ങളായി ഇരുവരും അകന്നാണ് താമസിക്കുന്നത്.
യുവതി കടയിൽ പോയി മടങ്ങവേയായിരുന്നു ആക്രമണം. പ്രതിയുടെ വീടിന് മുന്നിലൂടെയാണ് യുവതി കടന്നുപോകുന്നത്. യുവതി പോകുന്നത് കണ്ട ബാലൻ തിരികെ വരുന്നത് വരെ വഴിയിൽ കാത്തിരുന്നു. തുടർന്ന് യുവതി വീടിന്റെ മുൻവശത്ത് എത്തിയപ്പോൾ കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് പ്രതി യുവതിയുടെ കഴുത്ത് മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതോടെ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
മുമ്പും പല തവണ യുവതിയെ കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചിരുന്നുവെന്നാണ് വിവരം. കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. പ്രതിയുടെ മദ്യപാനവും ഉപദ്രവവും കാരണമാണ് ദമ്പതികൾ അകന്നത്. വീണ്ടും ഒന്നിക്കുന്നതിനായി ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അത് ഫലം കണ്ടില്ല. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.