വയനാട് ഉരുൾ പൊട്ടൽ ദുരന്തമുഖത്ത് അക്ഷീണം പ്രവർത്തിച്ച ടെറിട്ടോറിയൽ ആർമിയുടെ 122 ഇൻഫൻട്രി ബറ്റാലിയൻ മദ്രാസ് റെജിമെൻ്റ് സന്ദർശിച്ച് മഞ്ജു വാര്യരും നടൻ ടോവിനോ തോമസും. കമാൻഡിംഗ് ഓഫീസർ കേണൽ ഡി നവിൻ ബെൻജിത്തിന്റെ ക്ഷണപ്രകാരമാണ് ഇരുവരും സന്ദർശനത്തിനെത്തിയത്. രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചവർക്കൊപ്പം ഇരുവരും ചിത്രങ്ങളുമെടുത്തു.
ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായത്. 500 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനായി ദുരിതബാധിത പ്രദേശത്തെത്തിയത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളെയാണ് വയനാട്ടിൽ വിന്യസിച്ചിരുന്നത്. എട്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് സംഘം മടങ്ങിയത്. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം എന്നീ മൂന്ന് ഗ്രാമങ്ങളാണ് ഉരുൾപൊട്ടലിൽ നാമവശേഷമായി തീർന്നത്.
ജൂലൈ 30-ന് പുലർച്ചെയാണ് ഉരുളൊഴുകിയെത്തി നാടിനെയാകെ ഇല്ലാതാക്കിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 270 പേരാണ് മരിച്ചത്. 83 പേർ ഇനിയും കാണാമറയത്ത്. ഏകദേശം 1,200 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 236 വീടുകൾ ഒലിച്ചുപോയി. 1,555 വീടുകൾ പൂർണമായും വാസ്യയോഗ്യമല്ലാതായി.
ജീവിതത്തിലേക്ക് തിരികെയെത്തിയത് ഏകദേശം 794-ത്തിലേറെ കുടുംബങ്ങളാണ്. ഇവർക്ക് സർക്കാർ താത്കാലിക പുനരധിവാസം സജ്ജമാക്കി. വാടക വീടുകളിലും സർക്കാർ ക്വാർട്ടേഴ്സിലുമാണ് കൂടുതൽ പേരും കഴിയുന്നത്. 24 ദിവസം ക്യാമ്പായി പ്രവർത്തിച്ച മേപ്പാടി സ്കൂളിൽ ഈ മാസം ആദ്യമാണ് അധ്യയനം ആരംഭിച്ചത്. ഭീതിയുടെ ഇരുൾ മാഞ്ഞ്, അവർ സാധാരണ ജീവിതത്തിലേക്ക് കടക്കുന്നത് പ്രതീക്ഷയേകുന്നു..















