തിരുവനന്തപുരം: പി.എസ്.സി.യുടെ ഹയര്‍ സെക്കന്‍ഡറി മലയാളം അധ്യാപക പരീക്ഷയെ കുറിച്ച് വ്യാപക ആക്ഷേപം. സിലബസിൽ ഉൾപ്പെടാത്ത തീരെ അപ്രസക്തമായ വിഷയങ്ങളാണ് ചോദ്യങ്ങളായി വന്നതെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നത്. പാഠ്യപദ്ധതിയിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് പരീക്ഷ നടത്തിയത്.
ബാഷ എന്ന തമിഴ് സിനിമയുടെ സംവിധായകനാര്? ഏറ്റവും കൂടുതല്‍ക്കാലം ഒരേ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമയേത്? തുടങ്ങിയവയും ചോദ്യപ്പേപ്പറിൽ ഇടം പിടിച്ചു. നവമാധ്യമങ്ങളിലും ജനപ്രിയ സാഹിത്യത്തിലുമുള്ള അമിത താത്പര്യമാണ് ചോദ്യങ്ങളില്‍ പ്രകടമാകുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. 10 മൊഡ്യൂളില്‍നിന്ന് ഏഴുവീതം ചോദ്യങ്ങളുണ്ടാകുമെന്നാണ് പി.എസ്.സി. അറിയിച്ചിരുന്നത്. ഇതും പാലിക്കപ്പെട്ടില്ല.
പ്രാചീന സാഹിത്യംമുതല്‍ ഉത്തരാധുനിക സാഹിത്യംവരെ വിപുലമായ പാഠ്യപദ്ധതിയാണ് പ്രസിദ്ധീകരിച്ചതെങ്കിലും അതിനോട് ഒട്ടും നീതിപുലര്‍ത്താത്ത ചോദ്യപ്പേപ്പറാണ് ലഭിച്ചതെന്ന് പരീക്ഷയെഴുതിയവര്‍ പറയുന്നു. പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്ന് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. കമ്മിഷന് പരാതി നല്‍കി കാത്തിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.