സച്ചിന്റെ റെക്കോർഡ് ജോ റൂട്ട് മറികടക്കുമോ എന്ന ചോദ്യത്തിന് വിവാദ പ്രസ്താവനയുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും വിവാദങ്ങളുടെ തോഴനുമായ മൈക്കൽ വോൺ. ടെസ്റ്റിൽ ഏറ്റവും അധികം റൺസ് നേടിയ ബാറ്റർ എന്ന റെക്കോർഡ് മാസ്റ്റർ ബ്ലാസ്റ്ററുടെ പേരിലാണ്. 15,921 റൺസാണ് സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 33-കാരനായ റൂട്ട് 12,377 റൺസ് നേടിയിട്ടുണ്ട്. 34 സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത് അലിസ്റ്റർ കുക്കിന്റെ റെക്കോർഡ് അദ്ദേഹം ദിവസങ്ങൾക്ക് മുൻപ് മറികടന്നിരുന്നു. ഇതിനിടെയാണ് വോണിന്റെ പ്രതികരണം.
3,500 റൺസാണ് അവന് സച്ചിനെ മറികടക്കാൻ ആവശ്യമുള്ളതെന്ന് ഞാൻ കരുതുന്നു. അവൻ തളർന്നില്ലെങ്കിൽ മൂന്ന് വർഷം ബാക്കിയിട്ടുണ്ട്. തന്റെ ഗെയിമിനോട് പ്രത്യേക ഇഷ്ടമുള്ള താരമാണ് റൂട്ട്. അത് മാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നിലവിൽ ക്യാപ്റ്റന്റെ ഭാരമില്ലാത്തതിനാൽ എന്താണ് ചെയ്യേണ്ടതെന്ന് അവന് നന്നായി അറിയാം. അത് നടന്നില്ലെങ്കിലാണ് അത്ഭുതം.
അവന് സച്ചിനെ മറികടക്കുകയാണെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച കാര്യമായിരിക്കുമത്. കാരണം ബി.സി.സി.ഐക്ക് ഒരിക്കലും ഒരു ഇംഗ്ലണ്ട് താരം ഒന്നാമതെത്തുന്നത് സഹാക്കാനാകില്ല. കാരണം അവർക്ക് എപ്പോഴും ഒരു ഇന്ത്യക്കാരൻ ഒന്നാമതെത്തണം എന്നാണ് ആഗ്രഹം. അവിടെ ഒന്നാമതെത്തിയാൽ പിന്നെ എന്നും ഒരുപക്ഷേ അയാളാകും ആ സ്ഥാനത്ത് തുടരുക– വോൺ പറഞ്ഞു.