താരസംഘടനയുടെ തലപ്പത്ത് യുവാക്കൾ വരുന്നതാണ് നല്ലതെന്ന് നടൻ ജഗദീഷ്. യുവാക്കൾ വരുന്നതോടെ സിനിമാ മേഖലയിൽ ഒരുപാട് നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും ജഗദീഷ് പറഞ്ഞു. ആസിഫ് അലി നായകനായ ചിത്രം കിഷ്കിന്ധാ കാണ്ഡം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
സിനിമാ മേഖലയിൽ ഒരുപാട് നല്ല കാര്യങ്ങൾ കൊണ്ടുവരാനായി ഞങ്ങൾ പരിശ്രമിക്കും. അതുപോലെ മോശപ്പെട്ട കാര്യങ്ങൾ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ അതിനെ ഒഴിവാക്കാൻ വേണ്ടിയും പ്രവർത്തിക്കും. അതിനുള്ള ശ്രമങ്ങൾ നമ്മൾ തുടങ്ങിക്കഴിഞ്ഞു. ഭാരവാഹി ആയാലും ആയില്ലെങ്കിലും സംഘടനയ്‌ക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.
പുതിയ തലമുറയുടെ ചിന്താഗതികൾ വളരെ നല്ലതാണ്. സംഘടനയെ നയിക്കാൻ യുവാക്കൾ തന്നെ മുന്നോട്ട് വരണം. ഒരു രാജ്യത്തിനെ തന്നെ മാറ്റിയെടുക്കാൻ യുവാക്കൾക്ക് കഴിയുമെന്നും ജഗദീഷ് പറഞ്ഞു. സിനിമാ മേഖലയിൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളിൽ നടൻ ആസിഫ് അലിയും തന്റെ അഭിപ്രായം പങ്കുവച്ചു.
ചില കാര്യങ്ങൾ സിനിമാ മേഖലയിൽ പണ്ട് മുതലേ ഉണ്ടായിരുന്നത് കൊണ്ട് അത് തെറ്റല്ല എന്ന പറയുന്നതിൽ കാര്യമില്ലെന്നും തെറ്റാണെന്ന് അറിഞ്ഞുകഴിഞ്ഞാൽ അത് തിരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആസിഫ് അലി പറഞ്ഞു.















