തിരുവനന്തപുരം: കോതമംഗലം സ്വദേശിനിയുടെ ബലാത്സംഗ കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകി നടൻ നിവിൻ പോളി. യുവതിയുടെ പരാതിക്ക് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് നിവിൻ ആവശ്യപ്പെട്ടു.
പീഡനം നടന്നുവെന്ന് പറയുന്ന ദിവസങ്ങളിൽ താൻ കേരളത്തിലായിരുന്നുവെന്നതിന് തെളിവുകളുണ്ട്. തന്റെ പാസ്‌പോർട്ട് തെളിവായി ഡിജിപിക്ക് മുന്നിൽ ഹാജരാക്കാമെന്നും നിവിൻ പരാതിയിൽ പറയുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനും അദ്ദേഹം പരാതിയുടെ പകർപ്പ് നൽകി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ പീഡനം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം നിവിൻ തങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും നടി പാർവതി ആർ കൃഷ്ണയും രംഗത്തെത്തിയിരുന്നു.
കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ നിവിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് പാർവതി നടന് പിന്തുണ അറിയിച്ചത്. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി നിവിൻ തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് വിനീത് ശ്രീനിവാസനും വെളിപ്പെടുത്തി.















