കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സ്പെയ്നിലെ മാഡ്രിഡിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ അർജന്റീന ആരാധക വൃന്ദത്തെ എല്ലായിപ്പോഴും ഹൃദയപൂർവം സ്വീകരിക്കുന്നതായി AFA പറഞ്ഞു.
അന്താരാഷ്‌ട്ര സൗഹൃദമത്സര വേദിയായി കേരളത്തെ പരിഗണിക്കുന്നതിനുള്ള സാദ്ധ്യത ചർച്ചയായി. ഇതിന്റെ ഭാഗമായി
അസോസിയേഷൻ പ്രതിനിധികൾ ഉടൻ കേരളം സന്ദർശിക്കുന്നതിന് താത്പര്യം അറിയിച്ചു. AFA ഫുട്ബോൾ അക്കാദമികൾ കേരളത്തിൽ സ്ഥാപിക്കാനും താത്പ്പര്യം അറിയിച്ചു.
മന്ത്രി വി അബ്ദുറഹ്മാനും സംഘവും മാഡ്രിഡിലെ വിവിധ കായിക വികസന കേന്ദ്രങ്ങൾ സന്ദർശിച്ചു. സ്പെയിൻ ഹയർ സ്പോർട്സ് കൗൺസിലുമായി സംഘം കൂടിക്കാഴ്ച നടത്തി മാഡ്രിഡിലെ ഹൈ പെർഫോമൻസ് സെന്ററുകളും സംഘം സന്ദർശിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആരംഭിക്കുന്ന സ്പോർട്സ് ഇൻസ്റ്റിട്യൂട്ടിൽ പരസ്പര പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനെ കുറിച്ചും ചർച്ച നടത്തി.
കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കായിക ഡയറക്ടർ വിഷ്ണു രാജ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.