ആരാധകരെ ഞെട്ടിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പാണ് കാൻസർ രോഗിയാണെന്ന കാര്യം സീരിയൽ താരം ഹിന ഖാൻ വെളിപ്പെടുത്തിയത്. സ്തനാർബുദമാണ് ഹിനയെ ബാധിച്ചത്. രോഗത്തിന്റെ ഓരോ ഘട്ടങ്ങളെക്കുറിച്ചും തന്റെ ആരോഗ്യനിലയെക്കുറിച്ചും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. അർബുദത്തോട് പോരാടുന്ന ഹിന ഖാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്‌ക്കുന്ന ഓരോ പോസ്റ്റുകളും ഏറെ പ്രചോദനാത്മകമാണ്. അത്തരത്തിലൊരു കുറിപ്പാണ് താരം വീണ്ടും പങ്കുവച്ചിരിക്കുന്നത്.
രോഗബാധിതയായതിന് പിന്നാലെ താൻ നേരിടുന്ന പ്രശ്‌നങ്ങളും അസ്വസ്ഥതകളുമാണ് താരം ആരാധകരുമായി പങ്കുവച്ചത്. എന്നാൽ ഏത് സാഹചര്യത്തിലും ചിരിക്കാൻ പഠിക്കണമെന്ന സന്ദേശവും ഹിന ആരാധകർക്ക് നൽകി.
” എല്ലാം വേദനപ്പെടുത്തുന്നതാണ്. ഒരുപാട് പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. വേദനകളില്ലാത്ത ഒരു ദിവസം പോലുമില്ല. ഭക്ഷണം കഴിമ്പോഴും വേദന മാത്രം. പക്ഷേ അതിൽ വിഷമിച്ചിരുന്നിട്ട് കാര്യമില്ല. എന്നെ പ്രചോദിപ്പിക്കാൻ ചിരിയെന്ന മാർഗത്തെ ഞാൻ തെരഞ്ഞെടുത്തു. എല്ലാം ശരിയാകുമെന്ന് എന്നോട് തന്നെ സ്വയം പറഞ്ഞു ശീലിക്കുന്നു.”- ഹിന ഖാൻ കുറിച്ചു.
View this post on Instagram
”one Smile at a Time’ എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്. പുഞ്ചിരിക്കുന്ന സെൽഫിയും ഇൻസ്റ്റഗ്രാമിലൂടെ ഹിന പങ്കുവച്ചു. മുമ്പും ഇത്തരത്തിൽ വൈകാരിക കുറിപ്പുകളും ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. വേദന വരുമ്പോൾ അമ്മ മാറോടണയ്‌ക്കും. അതിൽ തന്റെ വേദനകൾ ലയിച്ചു ചേരുമെന്ന തരത്തിൽ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതും സോഷ്യൽമീഡിയയിൽ ശ്രദ്ധയാകർഷിച്ചിരുന്നു.