തിരുവനന്തപുരം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി കോടതി ശനിയാഴ്ച പരിഗണിക്കും. കേസിൽ വിചാരണ നടക്കാനിരിക്കെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകിയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞിരുന്നു. എന്നാൽ നാലാമത്തെ വ്യക്തിയെ കുറിച്ച് അന്വേഷണം നടത്തിയില്ല. ചിലർ തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് പ്രതിഭാഗം ശക്തമായ വാദം നടത്തുമെന്ന് മുന്നിൽ കണ്ടാണ് പൊലീസ് പുനരന്വേഷണം ആവശ്യപ്പെട്ടത്.
2023 നവംബറിലാണ് കേരളക്കരയാകെ പിടിച്ചു കുലുക്കി ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. ചാത്തനൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ, മകൾ അനുപമ എന്നിവരാണ് പിടിയിലായത്. സംഭവം മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകുകയും കേരളം മുഴുവൻ പൊലീസ് വല വിരിക്കുകയും ചെയ്തതോടെ ആറു വയസുകാരിയെ പ്രതികൾ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
എഡിജിപിയായ അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്നാൽ സംഘത്തിൽ നാല് പേരുണ്ടായിരുന്നുവെന്ന തന്റെ മൊഴി അജിത് കുമാർ മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. പ്രമാദമായ പല കേസുകളും അജിത് കുമാർ ഇടപെട്ട് അട്ടിമറിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ആയിരുന്നു കുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തൽ. ഉയർന്നു വന്ന സംശയങ്ങൾ പ്രൊസിക്യൂഷന് തിരിച്ചടിയാകാൻ സാധ്യതയുള്ളതിനാൽ കൊല്ലം റൂറൽ എസ്പി പുനരന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കുകയായിരുന്നു.















