ചെന്നൈ: സ്‌കൂളിൽ വിദ്യാർത്ഥികളുമായി സംവദിക്കാനെത്തിയ മോട്ടിവേഷൻ സ്പീക്കർ കർമ്മഫലത്തെക്കുറിച്ചും പുനർജൻമത്തെക്കുറിച്ചും സംസാരിച്ചതിൽ കലിപൂണ്ട് സ്റ്റാലിൻ സർക്കാർ. സംഭവത്തിൽ വിമർശനമുയർന്നതായി ചൂണ്ടിക്കാട്ടി സ്‌കൂളിലെ പ്രധാന അദ്ധ്യാപികയെ സർക്കാർ സ്ഥലം മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പ്രത്യേക കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.
ചെന്നൈയിലെ അശോക് നഗറിലെ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. പരംപൊരുൾ ഫൗണ്ടേഷൻ സ്ഥാപകൻ മഹാ വിഷ്ണുവാണ് സ്‌കൂളിൽ മോട്ടിവേഷൻ സ്പീക്കറായി എത്തിയത്. ദൈവം മനുഷ്യരെ ഒരുപോലെ സൃഷ്ടിക്കാത്തത് അവരുടെ മുജ്ജൻമ കർമ്മത്തെ അനുസരിച്ചാണെന്ന മഹാ വിഷ്ണുവിന്റെ വാക്കുകളാണ് വിവാദമായത്.
മോട്ടിവേഷൻ സ്പീക്കറുടെ അഭിപ്രായത്തെ വേദിയിൽ വെച്ചു തന്നെ അദ്ധ്യാപകരിൽ ഒരാൾ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടത്. സ്‌കൂളിലെ പ്രസംഗം കുട്ടികളെ പിന്നോട്ടടിക്കുമെന്ന വിമർശനമാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
സംഭവത്തെ തുടർന്ന് സ്‌കൂളുകളിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് പ്രത്യേക മാർഗനിർദ്ദേശങ്ങൾക്ക് രൂപം നൽകാൻ നിർദ്ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പുരോഗമനാത്മകവും ശാസ്ത്രപരവുമായ കാര്യങ്ങളാണ് കുട്ടികൾക്ക് മുൻപിൽ അവതരിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.















