നീലക്കുറുക്കൻ, അദ്വൈതം, പൂച്ചയ്‌ക്കാര് മണിക്കെട്ടും തുടങ്ങിയ ഒരുപിടി മലയാളം സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് സൗമ്യ എന്ന ഡോ. സുജാത. വിദ്യാർത്ഥിനിയായിരുന്ന കാലത്തായിരുന്നു നടി രേവതിയെ പോലെയാകണമെന്ന് ആഗ്രഹിച്ച് സൗമ്യ അഭിനയരംഗത്ത് കാലെടുത്തു വച്ചത്. എന്നാൽ സിനിമ തനിക്ക് സമ്മാനിച്ചതെല്ലാം ദുരനുഭവങ്ങളായിരുന്നുവെന്ന വെളിപ്പെടുത്തലാണ് സൗമ്യ ഇപ്പോൾ പങ്കുവയ്‌ക്കുന്നത്. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ തുറന്നുക്കാണിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് സൗമ്യയുടെ വെളിപ്പെടുത്തൽ.
താൻ സ്വന്തം പിതാവിനെ പോലെ കണ്ട വ്യക്തിയിൽ നിന്നും നേരിട്ടത് ക്രൂര പീഡനങ്ങളായിരുന്നുവെന്ന് താരം തുറന്നു പറഞ്ഞു. 18-ാമത്തെ വയസിലാണ് ലൈംഗികാതിക്രമത്തിനിരയാവുന്നത്. മലയാള നടനിൽ നിന്ന് നേരിട്ട മോശം പെരുമാറ്റം കേരളത്തിലെ പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയെന്നും സൗമ്യ പറഞ്ഞു.
” 18-ാമത്തെ വയസിലായിരുന്നു അഭിനയിക്കണമെന്ന മോഹം കടന്നുകൂടിയത്. ഞങ്ങളുടെ കോളനിയിലാണ് നടി രേവതി താമസിച്ചിരുന്നത്. അവരെ പോലെ ആകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ വീട്ടുകാർ സിനിമയിൽ അഭിനയിക്കുന്നതിനോട് എതിർത്തിരുന്നു. ഒരു ദിവസം അമ്മയോട് വഴക്കിട്ടാണ് ഞാൻ തമിഴ് സിനിമയുടെ സ്‌ക്രീൻ ടെസ്റ്റിനായി പോയത്. സിനിമാ മേഖലയിൽ അറിയപ്പെടുന്ന താര ദമ്പതികളുടേതായിരുന്നു സിനിമ. എന്നാൽ സംവിധായകന്റെ അടുത്ത് ഞാൻ ഒട്ടും കംഫർട്ടബിളല്ലായിരുന്നു. തിരികെ വീട്ടിൽ എത്തിയപ്പോൾ മുതൽ കടുത്ത പനിയും അനുഭവപ്പെട്ടു. നടന്ന സംഭവങ്ങളെല്ലാം ക്ലാസ് ടീച്ചറോട് പറഞ്ഞു. ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന തീരുമാനവുമെടുത്തു.
എന്നാൽ സംവിധായിക അച്ഛനെ വിളിക്കുകയും ഞാൻ അഭിനയിക്കാൻ എത്തിയില്ലെങ്കിൽ 7 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് വീണ്ടും ഇഷ്ടമില്ലാത്ത സംവിധായകന്റെ അടുത്തെത്തിയത്. ആദ്യം അയാൾ എന്നോട് മിണ്ടാൻ പോലും വന്നില്ല. ഭാര്യയോടാണ് എന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നത്. ഇത് എന്നെയും അസ്വസ്ഥമാക്കിയിരുന്നു. പതിയെ പതിയെ അയാൾ ദേഷ്യം വിട്ട് അടുക്കാൻ ശ്രമിച്ചു. മകളെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞു. സ്വന്തം വീട്ടിൽ കിട്ടാത്ത സ്വാതന്ത്ര്യവും സ്‌നേഹവും ലാളനയുമെല്ലാം എനിക്കവർ നൽകിയിരുന്നു. എന്നാൽ എല്ലാം ചൂഷണം ചെയ്യുന്നതിനായിരുന്നുവെന്ന് തിരിച്ചറിയാൻ എനിക്ക് വർഷങ്ങൾ വേണ്ടിവന്നു.
ഭാര്യ ഇല്ലാത്ത സമയങ്ങളിൽ അയാൾ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങി. ഇരുമ്പ് വടി കൊണ്ടുപോലും അയാൾ അതിക്രമം കാണിച്ചു. പിതാവിനെ പോല കണ്ട മനുഷ്യനിൽ നിന്നും ഇത്തരത്തിൽ ഒരുപാട് ദുരനുഭവങ്ങൾ നേരിട്ടു. ഞാൻ എതിർത്തിരുന്നുവെങ്കിലും അയാൾ ലൈംഗിക അടിമയെ പോലെയായിരുന്നു ഓരോ ദിവസവും എന്നെ ചൂഷണം ചെയ്തത്. പിന്നീട് ഏറെ മാസങ്ങൾ കഴിഞ്ഞാണ് ഇതൊരു റേപ്പാണെന്ന് മനസിലാക്കിയെടുക്കാൻ എനിക്ക് സാധിച്ചത്. ഞാൻ വഴങ്ങാൻ കാരണം എനിക്ക് സമ്മതമായിരുന്നത് കൊണ്ടല്ല മറിച്ച് പിതൃമേധാവിത്വ രീതിയിലുള്ള എന്റെ കണ്ടിഷനിംഗ് കൊണ്ടാണ്. 30 വർഷമെടുത്താണ് ട്രോമയിൽ നിന്നും കരകയറിയത്.”- സൗമ്യ പറഞ്ഞു.
മലയാളത്തിൽ നിന്നും ഇത്തരത്തിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഫൈനൽ ഷോട്ട് ചിത്രീകരിക്കുന്ന സമയത്ത് വില്ലൻ മുറുക്കി മുഖത്ത് തുപ്പിയെന്നും നടി പറയുന്നു. തിരക്കഥയിൽ ഇല്ലാത്ത സീനാണ് അന്ന് ചിത്രീകരിച്ചതെന്നും സൗമ്യ വ്യക്തമാക്കി. വിവാദങ്ങൾ സൃഷ്ടിക്കാനല്ല ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മനസിൽ അടക്കി പിടിച്ച വേദനകൾ പറയാൻ ധൈര്യം തന്നത് ഹേമ കമ്മിറ്റി റിപ്പോർട്ടാണെന്നും മനഃ ശാസ്ത്ര വിദഗ്ധ കൂടിയായ സൗമ്യ വ്യക്തമാക്കി.