ന്യൂഡൽഹി: ഒരു വർഷക്കാലത്തിനുളളിൽ ഡൽഹി സർവ്വകലാശാലയിൽ നടപ്പാക്കിയത് സമഗ്ര വിദ്യാർത്ഥി ക്ഷേമ പദ്ധതികളാണെന്ന് എബിവിപിയുടെ നേതൃത്വത്തിലുളള സ്റ്റുഡന്റ്‌സ് യൂണിയൻ. യൂണിയൻ ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിലാണ് നടപ്പിലാക്കിയ പദ്ധതികൾ വിശദീകരിച്ചത്.
ക്യാംപസിലെ വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പുവരുത്താനായി വിഭാവനം ചെയ്ത വാമിക പദ്ധതിയും യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതും വളരെ നിർണായകമായ നേട്ടങ്ങളാണെന്ന് ഭാരവാഹികൾ പറഞ്ഞു. വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുവാനും എബിവിപി നേതൃത്വം നൽകുന്ന യൂണിയൻ അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ടെന്ന് ദില്ലി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ അദ്ധ്യക്ഷൻ തുഷാർ ദേദ വ്യക്തമാക്കി.
കഴിഞ്ഞ ഒരുവർഷത്തെ ഭരണകാലത്ത് വിദ്യാർത്ഥികളുടെ സമഗ്രവികാസത്തിനും ക്ഷേമത്തിനുമായി സുപ്രധാന നടപടികളാണ് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വിദ്യാർത്ഥിനികളുടെ ക്ഷേമത്തിനായി ഉൾപ്പെടുത്തിയ എല്ലാ വാഗ്ദാനങ്ങളും പൂർത്തികരിക്കാൻ സാധിച്ചിട്ടുണ്ടെന്നും യൂണിയൻ സെക്രട്ടറി അപരാജിത പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെട്ടുത്താനായി യൂണിവേഴ്‌സിറ്റി ബസ് സർവ്വീസ് പുനഃസ്ഥാപിക്കണമെന്നുള്ള വിഷയവും സർവ്വകലാശാല അഡ്മിനിസ്‌ട്രേഷന് മുന്നിൽ യൂണിയൻ ഭാരവാഹികൾ നിരന്തരമായി ഉന്നയിച്ചിട്ടുണ്ട്.
യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്കായി എന്നും നിലകൊള്ളുന്ന വിദ്യാർത്ഥി പരിഷത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയം കരസ്ഥമാക്കുമെന്നും സംസ്ഥാന സെക്രട്ടറി ഹർഷ് അത്രി പറഞ്ഞു. എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ, എബിവിപി ഡൽഹി സെക്രട്ടറി ഹർഷ് അത്രി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.















