ഇസ്ലാമാബാദ്: എല്ലാ അയൽരാജ്യങ്ങളുമായും സമാധാനം പുലർത്തണമെന്നാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. രാജ്യത്തെ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷെഹബാസ്. അയൽക്കാരുമായി പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും. സമാധാനപരമായി മുന്നോട്ട് പോകണമെന്നതാണ് രാജ്യം താത്പര്യപ്പെടുന്നതെന്നും ഷെഹബാസ് പറയുന്നു.
” എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരമായ ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. എന്നാൽ അത് ഒരിക്കലും പാകിസ്താന്റെ സ്വാതന്ത്ര്യത്തിലോ അവകാശങ്ങളിലോ വിട്ടുവീഴ്ച ചെയ്തുകൊണ്ടായിരിക്കില്ല. ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താനും പാകിസ്താന് ആഗ്രഹമില്ല. രാജ്യഅതിർത്തികളിലുൾപ്പെടെ സ്ഥിരത പിന്തുടരാനും സമാധാനം പുലർത്താനുമെല്ലാം ശ്രദ്ധിക്കാറുണ്ട്. രാജ്യത്തിന്റെ വികസനവും സമാധാനവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ സമാധാനത്തിനാണ് എല്ലായ്‌പ്പോഴും പ്രഥമ പരിഗണന കൊടുക്കുന്നതെന്നും” ഷെഹബാസ് ഷെരീഫ് പറയുന്നു.
ചടങ്ങിൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. സൈന്യവും പൊതുജനങ്ങളും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്നും അതിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന ശത്രുക്കളെ പരാജയപ്പെടുത്തുമെന്നും കരസേനാ മേധാവി അസിം മുനീർ പറഞ്ഞു. തീവ്രവാദത്തിനെതിരായ യുദ്ധത്തിലും, വിദേശശക്തികളിൽ നിന്നെതിരായ ഭീഷണികളിൽ നിന്നുമെല്ലാം രാജ്യവും ജനങ്ങളുമെല്ലാം സൈന്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമം നടത്താറുണ്ടെന്നും അസിം മുനീർ കൂട്ടിച്ചേർത്തു. കശ്മീർ വിഷയത്തെക്കുറിച്ചും ചടങ്ങിൽ ചർച്ചയായിരുന്നു. കശ്മീർ ദേശീയ പ്രശ്‌നമല്ല, മറിച്ച് ആഗോളതലത്തിൽ തന്നെ പ്രാധാന്യമുള്ള ഒരു വിഷയമാണെന്നാണ് അസിം മുനീർ അവകാശപ്പെട്ടത്.















