പത്തനംതിട്ട: പെരിങ്ങര യമ്മർകുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഒരുകോടി കറുകയുടെ അഭിഷേകം. തെങ്കാശി, ശങ്കരൻ കോവിൽ എന്നിവിടങ്ങളിൽ നിന്നാണ് കറുകയെത്തിക്കുന്നത്. തമിഴ്നാട് സ്വദേശിയും പുഷ്പ മൊത്തവ്യാപാരിയുമായി പാണ്ഡ്യൻ ശരവണന്റെ വഴിപാടാണ് കറുക മൂടൽ.
ഗണപതി ഭഗവാനെ ഭജിച്ചതോടെ രോഗസാന്തി ലഭിച്ചതിന്റെ സ്മരണയ്‌ക്കാണ് കറുകമൂടൽ വഴിപാട് നടത്തുന്നത്. പത്ത് വർഷമായി ശരവണൻ ഇത് തുടരുന്നു. മൂന്ന് മാസം മുൻപ് കൃഷി ചെയ്ത ഒരു കോടി കറുക നാമ്പാണ് ഭഗവാന് സമർപ്പിക്കുന്നത്. ഇത് ഏകദേശം 150 കിലോയോളം വരും.
20 പേർ ചേർന്നാണ് കറുക നാമ്പ് എണ്ണി തിട്ടപ്പെടുത്തിയത്. യമ്മർകുളങ്ങര ക്ഷേത്രസമിതി പ്രവർത്തകരും ഭക്തരും ചേർന്ന് പനിനീരിൽ കഴുകി ഉണക്കിയാണ് അഭിഷേകത്തിന് സമർപ്പിക്കുക. തന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി മുഖ്യകാർമ്മികനാകും.