ചെന്നൈ: വിനായക ചുതർത്ഥി ദിനത്തിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളിൽ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകി ചെന്നൈ പൊലീസ്. 1,519 വിഗ്രഹങ്ങളാണ് നഗരത്തിൽ സ്ഥാപിക്കുന്നത്. വിനായക ചതുർത്ഥി ആഘോഷങ്ങൾ സമാധാനപരമായി കൊണ്ടാടുന്നതിന് വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് തമിഴ്നാട് പൊലീസ് ഒരുക്കിയിരിക്കുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതം ക്രമീകരിക്കുന്നതിനുമായി നഗരത്തിലുനീളം 64,217 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്. നഗരത്തിന്റെ വിവിധയിടങ്ങളിൽ സിസിടിവി ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്.
പൊലീസ് ഡ്രോൺ ഉപയോഗിച്ച് പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വിഗ്രഹങ്ങളിൽ ‘സ്മാർട്ട് കവലർ’ ആപ്പ് ഉപയോഗിച്ച് ജിപിഎസ്-ടാഗ് ചെയ്യും. ഇത് പൊലീസ് പരിശോധനകൾക്ക് സഹായകരമാകും.
ബസ് സ്റ്റാൻഡുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രധാന റോഡുകളിൽ ഗതാഗതം സുഗമമാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾ വിപുലമായി നടക്കുന്നതിന് എല്ലാ സംഘാടകരും പൊതുജനങ്ങളും സഹകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.