പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിഹാർ വികസനത്തിന്റെ പാതയിൽ മുന്നേറുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദ. സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കേണ്ടത് പ്രധാനമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പട്‌നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയുടെ നേത്ര മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാർ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ നേരത്തേ ഒരു വികസനവുമില്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഈ സംസ്ഥാനങ്ങൾ വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്.
രാജ്യത്ത് മുമ്പ് ആറ് എയിംസ് ആശുപത്രികൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ 22 എയിംസ് സ്ഥാപനങ്ങളുണ്ട്. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ പരിരക്ഷാ പദ്ധതിയിലൂടെ 55 കോടി വ്യക്തികൾക്ക് അഞ്ച് ലക്ഷം രൂപ നൽകി. പാവപ്പെട്ടവരെ സംരക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പദ്ധതി. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഭാരതം മുന്നിലാണെന്നും ജെപി നദ്ദ പറഞ്ഞു.















